സ്ഥിരതയില്ല എന്ന ആക്ഷേപത്തിന് മറുപടിയായി, ഐപിഎൽ സ്ഥിരതയാർന്ന പ്രകടനം. രാജസ്ഥാൻ റോയൽസിനെ ഫൈനൽ വരെ എത്തിച്ച നായക മികവ്. 16 മത്സരങ്ങളിൽ നിന്നും 531 റൺസ്. അതും 5 അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ. അങ്ങനെ നീളുന്നു മലയാളി താരം സഞ്ജു സാംസണെ ടി ട്വന്റി ലോകകപ്പിനായുള്ള ടീമിൽ ഇടം നൽകിയ കാരണങ്ങൾ. ആരാധകർ കാത്തിരിക്കുന്നത് അന്തിമ ഇലവനിൽ സഞ്ജു സ്ഥാനം പിടിക്കുമോ എന്നറിയാനാണ്. ഇത് ഏറെക്കുറെ അസാധ്യം എന്ന് തന്നെയാണ് വിലയിരുത്തൽ. ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിൽ രണ്ട് വിക്കറ്റ് കീപ്പർമാരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സഞ്ജു സാംസണും ഋഷഭ് പന്തും. ഋഷഭ് പന്താകും ടീമിലെ മുഖ്യ വിക്കറ്റ് കീപ്പറെന്നാണ് വിലയിരുത്തല്‍. ഇടംകൈയന്‍ ബാറ്ററാണെന്നതാണ് പന്തിന്റെ അനുകൂല ഘടകം. അതുകൊണ്ട് തന്നെ സഞ്ജുവിനെ മറികടന്ന് പന്ത് ആദ്യ 11ല്‍ ഇടം പിടിക്കുമെന്നും ഏതാണ്ട് ഉറപ്പാണ്.
സഞ്ജു സാംസൺ
ഐപിഎൽ സഞ്ജുവിന്റെ ഏറ്റവും മികച്ച സീസണായിരുന്നു കടന്നു പോയത്. രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജു നേടിയത് 16 മത്സരങ്ങളിൽ നിന്നും 5 അർധ സെഞ്ച്വറി ഉൾപ്പെടെ 531 റൺസ്. ഓരോ മത്സരത്തിലും തന്റെ ഇമ്പാക്റ്റ് എന്താണെന്ന് താരം തെളിയിച്ചു. സ്ഥിരതയോടെ കളിച്ച സഞ്ജു സാംസൺ സ്ട്രൈക്ക് റേറ്റിൽ ഉൾപ്പെടെ മറ്റ് പലരേക്കാളും മുന്നിലാണ്.
മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന 153.4 എന്ന സ്‌ട്രൈക്ക് റേറ്റ് ടൂർണമെന്റിൽ ഇതേ നമ്പറിൽ ബാറ്റ് വീശുന്ന മറ്റ് താരങ്ങളേക്കാൾ ഒരുപടി മുകളിലാണ്. അതുകൊണ്ട് തന്നെ മധ്യ നിരയിൽ നങ്കൂരമിട്ട കളിയ്ക്കാൻ കെൽപുള്ള, അതേ സമയം തന്നെ കൂറ്റനടി നടത്താൻ ശേഷിയുള്ള സഞ്ജുവിന് തന്നെ നറുക്ക് വീഴുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.
ഋഷഭ് പന്തും ഒട്ടും പിന്നിലല്ല
ഇത്തവണ ഐപിഎല്ലിൽ ഋഷഭ് പന്തും മികച്ച പ്രകടനം തന്നെയാണ് കാഴ്‌ച വച്ചത്. 3 അർധ സെഞ്ച്വറികൾ ഉൾപ്പെടെ 446 റൺസ്. സ്ട്രൈക്ക് റേറ്റ് 155.40. എന്നാൽ ശരാശരി സഞ്ജുവിനേക്കാൾ വളരെ താഴെയാണ്. എന്നാൽ അത് ബാറ്റിംഗ് ഓർഡറിലെ വ്യത്യാസം കൊണ്ട് കൂടിയാണ് എന്നതാണ് യാഥാർഥ്യം. എങ്കിലും നിലവിലെ ഫോമിൽ സഞ്ജു തന്നെയാവും ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം, സഞ്ജുവിനെയും പന്തിനെയും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ താരം ആര്‍പി സിംഗ് പറയുന്നത്.
ഋഷഭ് പന്തിനായിരിക്കും സഞ്ജു സാംസണെക്കാള്‍ പരിഗണനയെന്ന് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ പറഞ്ഞു. ഇന്ത്യയ്ക്കായി മത്സരങ്ങൾ വിജയിപ്പിക്കാൻ ശേഷിയുള്ള ഋഷഭ് പന്തിനെയാണ് പ്രധാന വിക്കറ്റ് കീപ്പറായി ഇറക്കാൻ താൽപര്യമെന്നു മുന്‍ ഇന്ത്യൻ താരം യുവരാജ് സിങ്ങും നേരത്തേ പ്രതികരിച്ചിരുന്നു.
വലിയ വേദികളിൽ തിളങ്ങാനുള്ള കഴിവ് ഋഷഭ് പന്തിനുണ്ട്. ലെഫ്റ്റ് ഹാൻഡറാണെന്ന ആനുകൂല്യവും അദ്ദേഹത്തിനു ലഭിക്കും.’’– യുവരാജ് സിങ് ഐസിസിയുടെ വിഡിയോയിൽ പറഞ്ഞു.