തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്ര തീരത്തിന് സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതാണ് ശക്തമായ മഴക്ക് കാരണമാകുന്നത്. കൂടാതെ സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസവും മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത 5 ദിവസം മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും ഇന്നും നാളെയും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, മെയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം ഇന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യുനമർദ്ദം (Low Pressure Area) രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുനമർദ്ദമായും (Depression) ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.