മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ കരിമണല്‍ വ്യവസായി ശശിധരന് കര്‍ത്തയില്‍ നിന്ന് മാസപ്പടിക്ക് പുറമേയും പണം വാങ്ങി.
കര്‍ത്തയുടെ കയ്യില്‍ നിന്ന് 1.72 കോടി വാങ്ങിയതിനു പുറമേ കര്‍ത്തയുടെ ഭാര്യയുടെ കയ്യില്‍ നിന്നും 39 ലക്ഷം രൂപ വീണ വിജയന് കമ്പനിയുടെ പേരില്‍ വാങ്ങി.
വായ്പയായാണ് ഈ തുക വീണയുടെ കമ്പനി രേഖകളില്‍ കാണിച്ചിരിക്കുന്നത്. 1.72 കോടിക്ക് പുറമെ കര്‍ത്തായുടെ കയ്യില്‍ 42.48 ലക്ഷവും വീണ വാങ്ങി. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്.
1.72 കോടി മാസപ്പടിയല്ല എന്നായിരുന്നു സിപിഎമ്മിന്റെ ക്യാപ്സൂള്‍. രണ്ട് കമ്പനികള്‍ തമ്മിലുള്ള സേവനമാണെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് ഇറക്കിയ വിശദീകരണകുറിപ്പിലുള്ളത്. സിപിഎമ്മിന്റെ വിശദീകരണം പിണറായി പുത്രിയെ കൂടുതല്‍ കുരുക്കിലാക്കിയിരിക്കുകയാണ്.
കര്‍ത്തായുടെ കേരളത്തിലെ കമ്പനിയും വീണയുടെ കര്‍ണ്ണാടകയിലെ എക്സാ ലോജിക്കും തമ്മിലുള്ള സേവനത്തിന് നികുതി അടച്ചിട്ടില്ലെന്ന സുപ്രധാന വിവരങ്ങളാണ് മാത്യു പുറത്ത് വിട്ടിരിക്കുന്നത്. മാസപ്പടിയായല്ല, സേവനത്തിന് പകരമുള്ള തുകയായാണ് പണം കൈപ്പറ്റിയതെങ്കില്‍ ഐജിഎസ്ടിയായി 18 ശതമാനം വീണ അടയ്ക്കണം. 30.96 ലക്ഷം രൂപയാണ് വീണ ഐജിഎസ്ടിയായി അടയ്ക്കേണ്ടത്. ഇത് വീണ അടച്ചിട്ടില്ല.
ധനമന്ത്രി ബാലഗോപാലിന് വീണയുടെ നികുതി വെട്ടിപ്പിനെതിരെ പരാതിയും മാത്യു കുഴല്നാടന് നല്കി. ഇതോടെ ബാലഗോപാല്‍ വെട്ടിലായി. പിണറായിയുടെ മകള്‍ക്കെതിരെയുള്ള പരാതി അന്വേഷിച്ചാല്‍ മന്ത്രി കസേര നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ബാലഗോപാല്‍ .