ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത, ക്ഷാമ ആശ്വാസ കുടിശിക നൽകാൻ വേണ്ടത് 22500 കോടി. 19 ശതമാനം ക്ഷാമബത്തയാണ് നിലവിൽ കുടിശിക. 6 ഗഡു ക്ഷാമബത്തയാണ് കുടിശിക. 2021 ജനുവരിയിൽ ലഭിക്കേണ്ട 2 ശതമാനം ക്ഷാമബത്ത 2024 ഏപ്രിലിലെ ശമ്പളത്തിലാണ് നൽകിയത്.
പെൻഷൻകാർക്കും 2 ശതമാനം ക്ഷാമ ആശ്വാസം പ്രഖ്യാപിച്ചിരുന്നു. 3000 കോടി രൂപയാണ് 2 ശതമാനം ക്ഷാമബത്തയും ക്ഷാമ ആശ്വാസവും നൽകാൻ ചെലവായത്. 2019 ലെ ശമ്പള പരിഷ്കരണ കുടിശികയും ജീവനക്കാരുടെ തടഞ്ഞ് വച്ചിരിക്കുകയാണ്. 4 ഗഡുക്കളായി നൽകുമെന്നായിരുന്നു വാഗ്ദാനം.
3 ഗഡുക്കളും മരവിപ്പിച്ചു. ശമ്പള പരിഷ്കരണ കുടിശിക നൽകാൻ 15000 കോടി വേണം.ക്ഷാമബത്തയും ശമ്പള പരിഷ്കരണ കുടിശികയും നൽകാൻ 37500 കോടി രൂപ വേണം. ഈ സാമ്പത്തിക വർഷം 37512 കോടിയാണ് കടമെടുക്കാൻ അനുവദിച്ചിരിക്കുന്നത്. 3000 കോടി ഇപ്പോൾ തന്നെ കടം എടുത്ത് കഴിഞ്ഞു.
അതുകൊണ്ട് തന്നെ ശമ്പള പരിഷ്കരണ കുടിശികയും ക്ഷാമബത്തയും ഈ സാമ്പത്തിക വർഷം ലഭിക്കില്ല എന്ന സൂചനകളാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്നത്. അർഹതപ്പെട്ട ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നതിൽ അസംതൃപ്തരാണ് ജീവനക്കാരും പെൻഷൻകാരും. ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കേണ്ട ക്ഷാമബത്ത / ക്ഷാമ ആശ്വാസം കുടിശിക ഇങ്ങനെ:
- 01.07.21 – 3%
- 01.01.22 – 3%
- 01.07.22 – 3%
- 01.01.23 – 4%
- 01.07.23 – 3%
- 01.01.24 – 3%
- ആകെ : 19%