‘ഹിന്ദുക്കൾ കുറഞ്ഞു, മുസ്‍ലിംകളും ക്രൈസ്തവരും കൂടി’: മോദിയുടെ പുതിയ കണക്ക്

ദില്ലി: തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മതത്തിന്റെ പേരിലുള്ള കണക്കുകള്‍ കൂടുതലായി പ്രചരിപ്പിക്കാൻ നരേന്ദ്രമോദിയും ബിജെപിയും. ഇപ്പോള്‍, രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും മുസ്‌ലിം, ക്രൈസ്തവ ജനസംഖ്യ കൂടിയെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ തയ്യാറാക്കിയിരിക്കുന്ന വർക്കിങ് റിപ്പോർട്ട്. സെൻസസ് നടത്താതെ എങ്ങനെ കണക്ക് കിട്ടിയെന്ന് വിശദീകരിക്കാത്ത പുതിയ റിപ്പോർട്ടിന്റെ ഉദ്ദേശ്യം തെരഞ്ഞെടുപ്പ് മാത്രമാണെന്ന് പ്രതിപക്ഷം വിമർശിച്ചു. അതേസമയം, കോൺഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് റിപ്പോർട്ടിനെ ആയുധമാക്കി ബി.ജെ.പി. പ്രചാരണം തുടങ്ങി.

1950 മുതൽ 2015 വരെയുള്ള കാലയളവിൽ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞെന്നാണ് കൗൺസിൽ അംഗം ഷമിക രവിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വർക്കിങ് പേപ്പറിൽ പറയുന്നത്. മുസ്‌ലിം ജനസംഖ്യ 1950-നെ അപേക്ഷിച്ച് 43.15 ശതമാനവും ക്രൈസ്തവർ 5.38 ശതമാനവും സിഖുകാർ 6.58 ശതമാനവും വർധിച്ചെന്നും പറയുന്നു. ജൈന, പാഴ്‌സി ജനസംഖ്യ കുറഞ്ഞു. എന്നാൽ, 2011-നു ശേഷം രാജ്യത്ത് സെൻസസ് നടന്നിട്ടില്ലാത്തതിനാൽ 2015-ലെ കണക്കുകൾ ചേർത്തിരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല.

ബി.ജെ.പി. വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് വിമർശിച്ചു. 2021-ൽ നടക്കേണ്ട സെൻസസ് ഇതുവരെയായിട്ടും നടത്താത്ത കേന്ദ്രം തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വർഗീയ വിഷയങ്ങളുയർത്തുകയാണ്. 10 വർഷം ഭരിച്ചിട്ട് ജനക്ഷേമത്തിന് ഒന്നും ചെയ്യാതിരുന്ന മോദിസർക്കാർ വീണ്ടും ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുകയാണെന്നും തേജസ്വി കുറ്റപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പിന്റെ മധ്യത്തിൽ റിപ്പോർട്ട് പുറത്തുവന്നതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, ഹിന്ദു-മുസ്‌ലിം പ്രചാരണം നടത്തി ഭിന്നിപ്പുണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ആരോപിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments