‘സ്വകാര്യ സന്ദർശനമെന്ന് പറഞ്ഞ് മൂന്ന് രാജ്യങ്ങള്‍ സന്ദർശിക്കുന്നത് ഭരണത്തലവന് അത്ര ഉചിതമല്ല’ പിണറായിയുടെ വിദേശയാത്രയെക്കുറിച്ച് കെ മുരളീധരൻ

സ്വകാര്യ സന്ദർശനമെന്ന് പറഞ്ഞ് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയന്‍. പൊതുപ്രവർത്തകർക്ക് രഹസ്യമില്ല. മുഖ്യമന്ത്രി എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് പോയതെന്ന് വിശദീകരിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഔദ്യോഗിക യാത്രയല്ല. സ്വകാര്യ സന്ദർശനമെന്ന പേരിൽ മൂന്ന് രാജ്യങ്ങളിൽ പോകുന്നത് ഉചിതമല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

തൃശൂരിൽ വിജയത്തെ സംബന്ധിച്ച് സംശയമില്ല. ജനങ്ങൾ സ്ഥാനാർത്ഥിയെ ഏറ്റെടുത്തു. പത്മജയെക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇനി ഒന്നും പറയാനില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നെടുമ്പാശേരിയിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഇന്തോനേഷ്യയിലേക്കാണ് ആദ്യം യാത്ര. ഈ മാസം 12 വരെ അദ്ദേഹം ഇന്തോനേഷ്യയിൽ തുടരും. 12 മുതൽ 18 വരെയുള്ള ആറ് ദിവസങ്ങളിൽ അദ്ദേഹം സിങ്കപ്പൂരിലാണ് ചെലവഴിക്കുക. പിന്നീട് ഈ മാസം 19 മുതൽ 21 വരെ യുഎഇയും സന്ദര്‍ശിക്കും. ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. മകൾ വീണയും ഭ‍ര്‍ത്താവ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കും ഭാര്യയ്‌ക്കും ഒപ്പമുണ്ട്. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയത്. വിനോദയാത്രയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രി അറിയിച്ചത്. പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് യാത്ര തിരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും കൊച്ചുമകനുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാല് ദിവസം മുമ്പ് വിദേശത്തേക്ക് യാത്ര തിരിച്ചിരുന്നു. യുഎഇയിലേക്കായിരുന്നു ആദ്യ യാത്ര. ഇന്ന് ഇരുവരും ഇന്തോനേഷ്യയിലേക്കെത്തും. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സ്വകാര്യ യാത്രയെന്നാണ് ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രിയും മന്ത്രി റിയാസും അറിയിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments