പിണറായി വിജയൻ, വി. ശിവൻകുട്ടി, വീണ ജോർജ്, എം.ബി രാജേഷ്, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, കെ. രാജൻ എന്നിവരുടെ വകുപ്പുകളിലാണ് കൂടുതൽ ഫയലുകള്‍ കെട്ടിക്കിടക്കുന്നത്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ കെട്ടി കിടക്കുന്നത് 14.78 ലക്ഷം ഫയലുകൾ. റവന്യു, ആരോഗ്യം, പോലിസ്, തദ്ദേശ ഭരണം, പൊതുവിഭ്യാഭ്യാസം, പട്ടികജാതി, ഉന്നത വിദ്യാഭ്യാസം, പൊതുഭരണം എന്നീ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത്.
പിണറായി, കെ. രാധാകൃഷ്ണൻ, എം.ബി. രാജേഷ്, വീണ ജോർജ്, ആർ. ബിന്ദു, കെ. രാജൻ എന്നിവരാണ് ഫയൽ തീർപ്പാക്കലിൽ പിന്നിലുള്ള പ്രമുഖർ. കേരളീയം, നവകേരള സദസ് തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും തിരക്കിലായതോടെയാണ് ഫയലുകൾ കുന്നു കൂടിയത്.
പിന്നാലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കൂടി വന്നതോടെ കെട്ടി കിടക്കുന്ന ഫയലുകളുടെ എണ്ണം വർദ്ധിച്ചു.ഓരോ ഫയലും ഓരോ ജീവിതം ആണെന്ന പ്രഖ്യാപനത്തോടെയാണ് പിണറായി 2016 ൽ മുഖ്യമന്ത്രിയായത്. പ്രഖ്യാപനം പ്രസംഗത്തിൽ ഒതുങ്ങി എന്ന് വ്യക്തം.
മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരിൽ മൽസരിക്കാൻ പോയതോടെയാണ് പട്ടികജാതി വകുപ്പിൽ കെട്ടി കിടക്കുന്ന ഫയലുകളുടെ എണ്ണം കൂടിയത്.കുട്ടികൾക്ക് വെക്കേഷൻ ആയതിനാൽ പല മുതിർന്ന ഉദ്യോഗസ്ഥരും ലീവെടുത്ത് ടൂറിലാണ്. ഫയലുകൾ മെയ് മാസവും സെക്രട്ടറിയേറ്റിൽ ഉറങ്ങും എന്ന് വ്യക്തം.
ഫയലുകൾ കുന്ന് കൂടിയതോടെ ഫയൽ തീർപ്പാക്കൽ മേള നടത്താൻ ഒരുങ്ങുകയാണ് പിണറായി. ഇതിനുള്ള നിർദ്ദേശം ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നൽകി കഴിഞ്ഞു.