കോഴിക്കോട്: എംഎസ്എഫ് വിദ്യാര്‍ഥിനി വിഭാഗമായിരുന്ന ‘ഹരിത’യുടെ നേതാക്കള്‍ക്കെതിരായ സംഘടനാ നടപടി മരവിപ്പിച്ച് യൂത്ത് ലീഗില്‍ പുതിയ പദവികള്‍ നല്കി.
ഫാത്തിമ തഹ്ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു. യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് ആദ്യമായിട്ടാണ് ഒരു വനിതയെത്തുന്നത്. മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും നജ്മ തബ്ഷീറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് നടപടി നേരിട്ട വനിതാ നേതാക്കള്‍ക്കടക്കം ഭാരവാഹിത്വം നല്‍കിയിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഹരിത വിവാദ കാലത്ത് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റാക്കി. ആശിഖ് ചെലവൂര്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹരിത-എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ നടപടി പിന്‍വലിച്ചത്. ഹരിത വിവാദത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ പുറത്താക്കിയിരുന്നത്.