ലക്ഷ്മിയമ്മയുടെ മരണം സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു

പാലക്കാട് : പള്ളത്തേരി പാറമേട് സ്വദേശിനി ലക്ഷ്മിയമ്മയുടെ മരണം സൂര്യാഘാതമേറ്റു തന്നെയെന്ന് റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമേറ്റെന്ന് തെളിഞ്ഞത്. ഇന്നലെ വൈകീട്ടാണ് ഉതുവക്കാട്ടുള്ള കനാലിൽ ലക്ഷ്മിയമ്മയെ വീണു പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.

ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. സൂര്യാഘാതമേറ്റുള്ള മരണമെന്ന് ഡോക്ടർമാരും സൂചന നൽകിയിരുന്നു. കഴിഞ്ഞയാഴ്ച കുത്തന്നൂരിലെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ കർഷകൻ ഹരിദാസന്റെ മരണവും സൂര്യാഘാതമേറ്റെന്ന് പിന്നീട് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് 41 ഡിഗ്രിയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി വരെയും ചൂട് ഉയരും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി വരെ താപനില കൂടും. ഇടുക്കി, വയനാട് ജില്ലകളില്‍ 34 ഡിഗ്രയിലേക്ക് ചൂട് ഉയരുമെന്നും മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂട് ഉയരാം.

കേരള ചരിത്രത്തിലാദ്യമായി ഉഷ്ണതംരംഗങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD). കൊടും വേനല്‍ കേരളത്തെ ആകെ ചുട്ടുപൊള്ളിക്കുകയാണ്. ഇതോടെ വരള്‍ച്ചയും ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments