കുറ്റപത്രം സമർപ്പിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ സ്വാധീനത്തിൽ നന്ദകുമാർ പദവിയില്‍ തുടരുന്നു
തിരുവനന്തപുരം: അച്ചു ഉമ്മനെതിരെയുള്ള സൈബർ ആക്രമണത്തിൽ കെ. നന്ദകുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു നന്ദകുമാർ ഫേസ്ബുക്കിലൂടെ അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തിയത്.
ഇതിനെതിരെ അച്ചു ഉമ്മൻ പൂജപ്പുര പോലീസിൽ നൽകിയ പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
സെക്രട്ടേറിയേറ്റിലെ അഡീഷണൽ സെക്രട്ടറിയായി വിരമിച്ച നന്ദകുമാർ നിലവിൽ ഐ എച്ച് ആർ.ഡി യിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി ജോലി ചെയ്യുകയാണ്. സെക്രട്ടേറിയേറ്റിലെ സി പി എം സർവീസ് സംഘടന നേതാവായ നന്ദകുമാറിനെ വിരമിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ഐ എച്ച് ആർ.ഡി യിൽ ജോലി തരപ്പെടുത്തി കൊടുത്തത്.
ആ കസേരയിൽ ഇരുന്നായിരുന്നു നന്ദകുമാറിൻ്റെ സൈബർ ആക്രമണം. 1,17,581 രൂപ ശമ്പളമായി നന്ദകുമാറിന് നൽകിയിട്ടുണ്ടെന്നും ബിന്ദു നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്.
വി.എസ് അച്ചുതാനന്ദൻ്റെ മകൻ അരുൺകുമാറാണ് ഐ. എച്ച് ആർ ഡി ഡയറക്ടർ. അച്ചു ഉമ്മനെതിരെയുള്ള സൈബർ ആക്രമണത്തെക്കുറിച്ച് നന്ദകുമാറിൽ നിന്ന് വിശദികരണം അരുൺകുമാർ തേടിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ട് അരുൺ കുമാർ സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും ബിന്ദു വ്യക്തമാക്കി.
നന്ദകുമാർ കുറ്റം ചെയ്തുവെന്ന് പോലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുറ്റപത്രം കോടതിയിൽ നൽകിയിട്ടും നന്ദകുമാർ മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ സ്വാധിനത്താൽ ഐ എച്ച് ആർ.ഡി കസേരയിൽ തുടരുകയാണ്.