ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരായി മാറുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് 200 ഓളം ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ. 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളതാണു ഡ്രോണുകൾ. ഇസ്രയേലിനുള്ള അമേരിക്കൻ പിന്തുണ അവഗമണിച്ചാണ് ഇറാന്റെ പരസ്യ ആക്രമണം. ആക്രമണത്തില്‍ 10 വയസ്സുകാരന് പരിക്കേറ്റുവെന്ന് ഇസ്രയേല്‍ വക്താവ് അറിയിച്ചു.
നേരിട്ട് അതിർത്തി പങ്കിടുന്ന രാജ്യങ്ങളല്ല ഇറാനും ഇസ്രയേലും. 1700ലേറെ കിലോമീറ്ററിന്റെ കരദൂരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇത്രയും ദൂരം പിന്നിട്ടാണ് ഇറാന്റെ ഡ്രോണുകളും മിസൈലുകളും ഇസ്രയേല്‍ ലക്ഷ്യമാക്കി നീങ്ങിയത്. ഇതില്‍ ചിലതെങ്കിലും അയണ്‍ഡോം പ്രതിരോധം തകർത്ത് ഇസ്രയേല്‍ മണ്ണിലേക്ക് പതിച്ചിട്ടുണ്ട്.
ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ തുടങ്ങിയ ഡ്രോൺ ആക്രമണം ഇസ്രയേലും സ്ഥിരീകരിച്ചു. ഇറാൻ തൊടുത്ത ഇരുന്നൂറോളം ഡ്രോണുകളും 10 മിസൈലുകളും തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. സിറിയയിലെ ഇറാൻ കോണ്‍സുലേറ്റിനുനേരെ ഇസ്രയേല്‍ ആക്രമണം നടത്തി ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) ഉന്നതരെ വധിച്ചതിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
ഇറാന് ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ജോര്‍ദാനും ഇറഖും ലെബനോനും അവരുടെ വ്യോമമേഖല അടച്ചിട്ടുണ്ട്. യുദ്ധത്തെ നേരിടാന്‍ സജ്ജമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനില്‍ നിന്നും സഖ്യരാജ്യങ്ങളില്‍ നിന്നുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടുള്ള മിസൈല്‍ ഡ്രോണ്‍ ആക്രമണം നടന്നത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ വിമാനത്താവളവും അടച്ചു. ഇറാനിൽനിന്നുള്ള ആക്രമണത്തെ നേരിടാൻ എല്ലാ പിന്തുണയും ഇസ്രയേലിനു നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ഇറാനെ തിരിച്ചടിക്കാനുള്ള നീക്കങ്ങള്‍ ഇസ്രയേലും ആരംഭിച്ചിട്ടുണ്ട്. തിരിച്ചടിയുടെ ചുമതല പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നല്കി ഇസ്രയേല്‍ അടിയന്തര മിനി മന്ത്രിസഭ.
അതേസമയം, സംഘർഷം മൂർച്ഛിക്കുന്നതിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ രംഗത്തെത്തി. ഏതു വിധേനയും യുദ്ധം ഒഴിവാക്കണമെന്ന് സൗദി ഇരു രാജ്യങ്ങളോടും അഭ്യർഥിച്ചു.