
തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസ്സായിരുന്നു. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമായ ബാലൻ തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. തിരുവനന്തപുരമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല.
മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു. ആദ്യമായി ഗാന്ധിമതി ബാലന് നിര്‍മ്മിച്ച ചിത്രം നേരം ഒത്തിരി കാര്യമാണ്. ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങിയ 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു.
63ാം വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി.
ഇവന്റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ച ഒരു മികച്ച സംഘാടകൻ ആയിരുന്നു.
മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡായി ആയി വളർത്തി.
ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് കൂടുതൽ സിനിമ ചെയ്ത നിർമാതാവായിരുന്നു. സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയിരുന്നു. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ ആയിരുന്നു. അനശ്വര സംവിധായകൻ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്തത്. പദ്മരാജന്റെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് സിനിമയിൽ നിന്നും പിൻവാങ്ങിയത്.

ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലൻ . പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച് , അതിൽ വിജയിച്ച അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. റോട്ടറി ഉൾപ്പടെ നിരവധി സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച ബാലൻ വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.
ഭാര്യ – അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ – മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം
(ഡയറക്ടർ – ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).
പ്രതിപക്ഷ നേതാവ് അനുശോചിച്ചു
മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു ഗാന്ധിമതി ബാലന്. സിനിമയുടെ വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യത്തിന് കൂടി വില കല്‍പ്പിച്ച സിനിമാ പ്രവര്ത്തകന്. അനശ്വര സംവിധായകന് പത്മരാജന് കരുത്തായി നിന്നയാള്‍ എന്ന വിശേഷണം ഗാന്ധിമതി ബാലന് അവകാശപ്പെടാം. തൂവാനതുമ്പികളും മൂന്നാം പക്കവുമൊക്കെ കാലാവതിവര്‍ത്തിയായി നില്ക്കുമ്പോള് അതിനൊപ്പം ഗാന്ധിമതി ഫിലിംസ് എന്ന പേരുകൂടി മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി.
കെ.ജി ജോര്‍ജ്, വേണു നാഗവള്ളി തുടങ്ങി നിരവധി സംവിധായകരുടെ അനശ്വര ചിത്രങ്ങളുടെ പിന്നണിയിലും ബാലനായിരുന്നു. തിരുവനന്തപുരത്തിന്റെ സാഹിത്യ സാംസ്കാരിക സാമൂഹിക മേഖലകളിലും ഗാന്ധിമതി ബാലന് നിറസാനിധ്യമായിരുന്നു.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്പങ്ക്ചേരുന്നു. – പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.