കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്ന ‘ദി കേരള സ്റ്റോറി’ സിനിമ ദൂരദര്‍ശന്‍ ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ദൂരദര്‍ശന്‍ ഈ സിനിമ സംപ്രേഷണം ചെയ്യരുതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു.
പ്രസാര്‍ ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്‍ ചാനലില്‍ ഇത്തരമൊരു പ്രചാരണത്തിന് അവസരമൊക്കുന്നത് പ്രൊപഗണ്ടയുടെ ഭാഗമാണെന്നാണ് വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, മത ധ്രുവീകരണത്തിനുള്ള നീക്കമായാണ് ദൂരദര്‍ശനിലൂടെ ചിത്രം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് ആക്ഷേപം.
ഏപ്രില്‍ 5 ന് രാത്രി 8 മണിക്കാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത് എന്നാണ് ദൂരദര്‍ശന്‍ ഔദ്യോഗികമായി അറിയിച്ചത്. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന തലക്കെട്ടോടുകൂടിയാണ് ദൂരദര്‍ശന്‍ ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
സിനിമ കേരളത്തെ അപഹസിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റോറി’ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസും യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. അസത്യങ്ങളുടെ കെട്ടുകാഴ്ചയാണ് കേരള സ്റ്റോറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണരൂപം
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണം. തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം.
പരസ്പര സാഹോദര്യത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പര്‍ദ്ധ വളര്‍ത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ഈ സിനിമ. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ, നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളില്‍ മുന്‍പന്തിയില്‍ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.
സംഘപരിവാര്‍ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നുവന്നതാണ്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശനെ പോലെയുള്ള സ്ഥാപനം മാറരുത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വര്‍ഗീയ പ്രചരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശന്‍. ഏപ്രില്‍ 5 ന് ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വര്‍ഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും.
അസത്യങ്ങള്‍ കുത്തി നിറച്ച ‘കേരള സ്റ്റോറി’
കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്നു ബോധ്യമായ സംഘ്പരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായി ലംഘനമാണ്. മോദി ഭരണകൂടത്തിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസും യു.ഡി.എഫും തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.