
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്ന് കരകയറ്റാനായി നിയോഗിച്ച കെഎഎസുകാരെ തിരിച്ചയക്ക്കും. ഇവരുടെ സേവനം ആവശ്യമില്ലെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ അറിയിച്ചു. പുനഃരുദ്ധാരണ പാക്കേജിന്റെ ഭാഗമായുള്ള നിയമനമായതിനാല്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ തുടര്‍ നടപടികളുണ്ടാകുകയുള്ളൂ.
ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍ 2023 നവംബറിലാണ് കെഎഎസ് ഉദ്യോഗസ്ഥരായ എസ്.എസ്. സരിന്, ജോഷോ ബെനറ്റ് ജോണ്‍, ആര്. രാരാരാജ്, റോഷ്ന അലിക്കുഞ്ഞ് എന്നിവരെ കെഎസ്ആര്‍ടിസിയിലേക്ക് നിയമിച്ചത്. ഇതില്‍ രാരാരാജ് കഴിഞ്ഞമാസം മുന്‍ തസ്തികയിലേക്ക് മടങ്ങിപ്പോയിരുന്നു.
കെഎസ്ആര്‍ടിസിയെ മൂന്ന് സ്വതന്ത്രമേഖലകളാക്കി കെഎഎസുകാര്‍ക്ക് ചുമതല നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, എല്‍ഡിഎഫിലെ ധാരണ പ്രകാരം ഗതാഗതമന്ത്രി മാറിയതോടെ ഇതെല്ലാം കീഴ്മേല്‍ മറിഞ്ഞു. സോണല്‍ മേധാവികള്‍ക്ക് കാര്യമായ അധികാരമൊന്നും നല്‍കിയില്ല. അന്നത്തെ സിഎംഡി ബിജു പ്രഭാകര്‍ മുന്‍കൈയെടുത്താണ് കെഎഎസ് ഉദ്യോഗസ്ഥരെ എത്തിച്ചത്.
ഡിപ്പോകളില്‍ ഉള്‍പ്പെടെ പരിശീലനം നല്‍കിയതിന് ശേഷം സ്വതന്ത്ര ചുമതല നല്‍കാനായിരുന്നു നീക്കം.എന്നാല്‍, ബിജു പ്രഭാകര്‍ സ്ഥാനമൊഴിഞ്ഞതോടെ കെഎസ്ആര്‍ടിസിയിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരിലേക്ക് അധികാരം കേന്ദ്രീകരിച്ചു.
സിഎംഡിക്ക് താഴെയുള്ള സുപ്രധാന ചുമതലകളെല്ലാം എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരിലേക്ക് എത്തി. ഇതിലൊരാള്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് നിയമിതനായതോടെ സുപ്രധാന തീരുമാനങ്ങള്‍ ഒക്കെയും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടേതായി മാറിയിരിക്കുകയാണ്.
വിദഗ്ധരെ എത്തിച്ച കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം അവര്‍ ജോലി ഉപേക്ഷിച്ച് മടങ്ങിയിരുന്നു ഇതിനുപകരമാണ് കെഎഎസുകാരെ പരിഗണിച്ചത്. ആ തീരുമാനവും മന്ത്രിമാറ്റത്തിലൂടെ ഉപേക്ഷിക്കപ്പെടുകയാണ്.