കടമെടുപ്പ് പരിധി; കേരളത്തിന് ആശ്വാസമില്ല; അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ദില്ലി: കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക. ഓരോ സംസ്ഥാനത്തിനും എത്രമാത്രം കടമെടുക്കാമെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും. ഹർജിയില്‍ ഭരണഘടനാ വിഷയം ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങൾക്ക് പുറമേനിന്ന് കടമെടുക്കാനുള്ള അധികാരപരിധി ഉണ്ടോയെന്നും ഇതിൽ കേന്ദ്രത്തിന് എത്രമാത്രം നിയന്ത്രണം ഏർപ്പെടുത്താമെന്നും പരിശോധിക്കാമെന്നാണ് കോടതി അറിയിച്ചത്. വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടതോടെ അന്തിമതീരുമാനം ആകുന്നത് നീളും. ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

2023–24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണ് കോടതി ആവശ്യം തള്ളിയത്.

സംസ്ഥാനം സമർപ്പിച്ച ഹർജി ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്, ആർട്ടിക്കിൾ 145 (3) പ്രകാരം 5 ജഡ്ജിമാർ ഉൾപ്പെടുന്ന ഭരണഘടനാ ബെഞ്ചിന് വിഷയം വിട്ടു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131, 293 എന്നിവയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റില്‍ നിന്നോ മറ്റ് സ്രോതസ്സുകളില്‍ നിന്നോ കടമെടുക്കാന്‍ ആര്‍ട്ടിക്കിള്‍ 293 സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്നുണ്ടോ, എങ്കില്‍ യൂണിയന് അത് എത്രത്തോളം നിയന്ത്രിക്കാനാകും എന്നതാണ് മറ്റൊരു പ്രശ്‌നം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ കടമെടുക്കുന്നതും പൊതു അക്കൗണ്ടുകളില്‍ നിന്ന് ഉണ്ടാകുന്ന ബാധ്യതകളും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293 (3) ന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ, ധനനയം സംബന്ധിച്ച ജുഡീഷ്യല്‍ അവലോകനത്തിന്റെ പരിധി എന്നിവ ഭരണഘടന ബെഞ്ച് പരിഗണിക്കും.

ഭരണഘടനയുടെ 293-ാം അനുച്ഛേദം ഇതുവരെ ഒരു ആധികാരിക പ്രഖ്യാപനത്തിനും വിധേയമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, വിഷയം അഞ്ചംഗ ബെഞ്ചിന് വിടുന്നതാണ് ഉചിതമെന്ന് ബെഞ്ച് വിശദീകരിച്ചു.

ഇടക്കാല ആശ്വാസമില്ല

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കാര്യമായ തുക ലഭിച്ചിട്ടുണ്ടെന്നാണ് കോടതിയുടെ നിലപാട്. മാര്‍ച്ച് 8 ന് നടന്ന യോഗത്തില്‍ 5000 കോടി രൂപ നല്‍കാന്‍ കേന്ദ്രം സമ്മതിച്ചിരുന്നു, മാര്‍ച്ച് 19 ന് 8742 കോടി രൂപയ്ക്കും 4866 കോടി രൂപയ്ക്കും അനുമതി നല്‍കി. ഇത് മൊത്തം 13,608 കോടി രൂപയാണ്. ഇതോടെ ഇനിയൊരു ഇടക്കാല ആശ്വാസം കേരളത്തിനുണ്ടാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments