കേരളത്തില്‍ ഇന്ന് ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണു സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.
തിരുവനന്തപുരം പുത്തന്‍തോപ്പ്, അടിമലത്തുറ, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ കടല്‍ കയറി. പ്രദേശത്തെ വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. യാനങ്ങൾക്കും കേടുപാട് സംഭവിച്ചു. കോവളത്ത് കടലിൽ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം. കടലാക്രമണത്തിനു കാരണം ‘കള്ളക്കടൽ’ എന്ന പ്രതിഭാസമാണെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരത്ത് പൊഴിയൂർ മുതൽ പുല്ലുവിള വരെയാണു കടലാക്രമണമുണ്ടായത്. പല വീടുകളിൽനിന്നും വീട്ടുകാരെ ഒഴിപ്പിച്ച് ക്യാംപുകളിലേക്ക് മാറ്റി. കരയിലേക്ക് ശക്തമായ തോതിലാണ് തിരമാല അടിക്കുന്നത്. നിരവധി വളളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ പെരിഞ്ഞനത്തുണ്ടായ കടലാക്രമണത്തിൽ മത്സ്യബന്ധന വലകൾക്ക് കേടുപാടുണ്ടായി. കടൽഭിത്തിയും കടന്നാണ് വെള്ളം വീടുകളിലേക്ക് കയറിയത്. രാവിലെ കമ്പനിക്കടവ് ഭാഗത്ത് കടൽച്ചുഴിയും രൂപപ്പെട്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.