കോട്ടയം : വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് കൃഷി . സംഭവം റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി. എരുമേലി റെയ്ഞ്ച് ഓഫീസര്‍ ബി.ആര്‍ ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. ഈ മാസം 16-ാം തീയതിയാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷന്റെ പഴയ കെട്ടിടത്തിന് സമീപം 40 ഗ്രോബാഗുകളിലായി രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരം ബി.ആര്‍ ജയന് ലഭിച്ചത്.
ഒരു ബീറ്റ് ഓഫീസറും റെസ്‌ക്യൂ ഓഫീസറും ചേര്‍ന്നാണ് കഞ്ചാവ് കൃഷി നടത്തുന്നതെന്നും വിവരമുണ്ടായിരുന്നു.ഓഫീസിലെ ചില വനിതാ ഉദ്യോഗസ്ഥര്‍ക്ക് കൂടി കഞ്ചാവ് കൃഷിയില്‍ പങ്കുണ്ടെന്നാണ് വിവരം . തുടര്‍ന്നാണ് ബി.ആര്‍ ജയന്‍ അന്വേഷിക്കാനെത്തുന്നത്.
ഇദ്ദേഹം എത്തുമ്പോഴേക്കും ഗ്രോബാഗിലുണ്ടായിരുന്ന കഞ്ചാവ് ചെടികള്‍ നശിപ്പിച്ച നിലയിലായിരുന്നുവെങ്കിലും അവശിഷ്ടങ്ങള്‍ ബാക്കിയുണ്ടായിരുന്നു. കഞ്ചാവ് കൃഷി നടത്തിയെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ സമ്മതിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇത് ബി.ആര്‍ ജയന്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തു.
ഈ റിപ്പോര്‍ട്ട് നല്‍കി രണ്ട് ദിവസത്തിന് ശേഷമാണ് റെയ്ഞ്ച് ഓഫീസറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവുണ്ടായത്. എന്നാല്‍ ഇതിന്റെ പേരിലല്ല സ്ഥലം മാറ്റിയതെന്നും രണ്ട് വനിതാ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ചുവെന്ന് ഇയാള്‍ക്കെതിരേ പരാതിയുണ്ടായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നുമാണ് വനം വകുപ്പ് വിശദീകരണം നൽകിയിട്ടുണ്ട് .