കെജ്രിവാളിന് പകരം ഭാര്യ സുനിത; രാജിവെച്ചില്ലെങ്കില്‍ രാഷ്ട്രപ്രതി ഭരണം; ദില്ലിയില്‍ നേതൃപ്രതിസന്ധിയും ആശയക്കുഴപ്പവും

ദില്ലി: മദ്യ നയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ ആംആദ്മി പാര്‍ട്ടിയില്‍ നേതൃപ്രതിസന്ധി. ദില്ലി ഭരണത്തെയും പ്രതിസന്ധിയിലാക്കിയാണ് ഇഡിയുടെ അറസ്റ്റ് സംഭവിച്ചിരിക്കുന്നത്.

അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യപ്പെടാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് ബിജെപി. കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് നീക്കം. സംസ്ഥാന ഭരണ സംവിധാനം തകര്‍ന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്.

കെജരിവാളിന് പകരം ആര് എന്നതില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചിന്താകുഴപ്പമുണ്ട്. കെജ്രിവാളിന്റെ ഭാര്യ സുനിതയുമായി പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തി. സുനിതയുടെ നിലപാട് തേടിയായിരുന്നു ചര്‍ച്ച. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ദില്ലി മന്ത്രിമാരായ അതിഷി മെര്‍ലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് വരുന്നത്.

കെജ്രിവാളിനോട് രാജിവെക്കാന്‍ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു. കെജ്രിവാള്‍ ജയിലില്‍ കിടന്ന് ഭരണം നിയന്ത്രിക്കുമെന്നാണ് ആം ആദ്മി എടുത്തിരിക്കുന്ന രാഷ്ടീയ തീരുമാനം. പക്ഷേ ഇതിന് നിയമപരമായ കടമ്പകള്‍ ഏറെയാണ്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ദേശ വ്യാപകമായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ദില്ലി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിര്‍ണായക സഖ്യങ്ങള്‍ക്ക് രൂപം നല്‍കാനും പദ്ധതിയിട്ടിരുന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കെജ്‌രിവാളിന്റെ അറസ്റ്റ് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പാര്‍ട്ടിയുടെ സ്റ്റാര്‍ പ്രചാരകനായ കെജ്രിവാള്‍ അറസ്റ്റിലായതിന് പുറമെ പ്രമുഖ നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, സഞ്ജയ് സിങ് എന്നിവരുടെ അസാന്നിദ്ധ്യവും പാര്‍ട്ടിയെ അലട്ടുന്നുണ്ട്.

ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമായും കെജ്‌രിവാളിനെ കേന്ദ്രീകരിച്ചായിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിലല്ലാതെ 13 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലാണ് പ്രചരണമെങ്കിലും കെജ്‌രിവാള്‍ അവിടെയും സ്ഥിരസാന്നിദ്ധ്യമായിരുന്നു. പ്രചരണത്തില്‍ പാര്‍ട്ടിയുടെ മുഖം കെജ്‌രിവാളായിരിക്കുമെന്ന് നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയമായി തിരിച്ചടിക്കുമോ എന്ന ഭയം ചില ബിജെപി നേതാക്കള്‍ക്കുമുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments