“ഇന്ത്യ സ്‌നേഹത്തിൻ്റെ രാജ്യം, ബിജെപി വിദ്വേഷം പരത്തുന്നു” കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്ര മുംബൈയിൽ സമാപിച്ചു. ഞായറാഴ്ച രാവിലെ ദക്ഷിണ മുംബൈയിലെ മഹാത്മാഗാന്ധിയുടെ വസതിയായ മണിഭവനിൽ നിന്ന് രാഹുൽ ഗാന്ധി ‘ന്യായ സങ്കൽപ് പദയാത്ര’ നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയും മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയും റാലിയെ അനുഗമിച്ചു.

ഇന്ത്യ സ്‌നേഹത്തിൻ്റെ രാജ്യമാണ്. ഇവിടെ എന്തിനാണ് ബിജെപി വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും രാഹുൽ ചോദിച്ചു.യാതൊരു അടിസ്ഥാനവുമില്ലാതെ അവർ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും രാഹുൽഗാന്ധി ആരോപിച്ചു.

ദരിദ്രർ, കർഷകർ, ദളിതർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്കെതിരെ ഓരോ ദിവസവും അനീതിയാണ് ഈ രാജ്യത്ത് നടക്കുന്നത്. സമാപനച്ചടങ്ങിൽ മറ്റ് കോൺഗ്രസ് നേതാക്കൾ ബിജെപിയെ ലക്ഷ്യമിട്ട് ആഞ്ഞടിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇലക്ടറൽ ബോണ്ടുകൾ ഒരു വിഷയമാക്കിയപ്പോൾ, ഫാറൂഖ് അബ്ദുള്ള ഇവിഎമ്മുകളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.

യാത്രയ്ക്കിടയിൽ ഓരോ വിഭാഗവും നേരിടുന്ന ഭീകരമായ അനീതിയും അടിച്ചമർത്തലും താൻ വളരെ അടുത്തറിയുകയും മനസ്സിലാക്കുകയും ചെയ്തു. ദേശവാസികളുടെ പ്രതീക്ഷാനിർഭരമായ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന കൊച്ചു കൊച്ചു സ്വപ്നങ്ങളെ ഞാൻ കൂടെ കൊണ്ടുപോകുന്നു.

രാജ്യത്തിൻ്റെ പ്രഥമ ആവശ്യം നീതിയാണെന്നും എല്ലാ വിഭാഗത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന കോൺഗ്രസ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യയുടെ ജീവനാഡിയാണെന്നുള്ള എൻ്റെ വിശ്വാസത്തെ ഈ സന്ദർശനം ശക്തിപ്പെടുത്തിയെന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. അനീതിയുടെ പര്യായമായി മാറിയ ഈ സർക്കാരിനെ വേരോടെ പിഴുതെറിയുമ്പോൾ മാത്രമേ കോൺഗ്രസിൻ്റെ എല്ലാ ധീര പ്രവർത്തകരും സമാധാനത്തോടെ ഇരിക്കൂ.

ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങൾ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രാഹുൽ പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ ഉറപ്പ്, സ്ത്രീകൾക്ക് അവകാശങ്ങൾ, കർഷകർക്ക് ന്യായവില, തൊഴിലാളികളോടുള്ള ആദരവ്, ദരിദ്രർക്ക് വിഹിതം എന്നിവ ഉറപ്പുനൽകുന്നതിലും ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഊന്നൽ നൽകും അതിനായി നീതിയുടെ വിളക്കുകൾ ഉയരേണ്ടതുണ്ട്, ഈ സന്ദേശം എല്ലാ ഗ്രാമങ്ങളിലും തെരുവുകളിലും എത്തേണ്ടതുണ്ടെന്നും രാഹുൽ ആഹ്വാനം ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments