തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ (CAA – Citizenship Amendment Act) കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും സിഎഎക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഇപ്പോഴും കേസുകള്‍ നിലനില്‍ക്കുന്നു. സിഎഎ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്ന പിണറായി വിജയന്റെ വാഗ്ദാനമാണ് ജലരേഖയായി തുടരുന്നത്. (The Kerala Government has not quashed most of the anti-CAA protest cases)
835 കേസുകളില്‍ പിന്‍വലിച്ചത് 59 എണ്ണം മാത്രം
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട രൂക്ഷമായ സമരങ്ങളായിരുന്നു കേരളത്തില്‍ നടന്നത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ 835 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. ഐപിസി 143, 147,149, 188, 283 മുതലായ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളില്‍ പങ്കെടുത്തവരുടെ കേസുകള്‍ പിന്‍വലിക്കാമെന്ന് പിണറായി സര്‍ക്കാര്‍ ഉറപ്പ് നല്‍കി. 26.2.21 ല്‍ ആഭ്യന്തര വകുപ്പ് ഉത്തരവും ഇറക്കി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ട് നടന്ന വാഗ്ദാനങ്ങളില്‍ ഒന്ന് മാത്രമായി ഇതു മാറി.
59 കേസുകളില്‍ മാത്രം ആണ് ഇതുവരെ പിന്‍വലിച്ചത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് കുട പിടിക്കുന്ന സമീപനമാണ് അധികാരത്തിലേറിയ ശേഷം പൗരത്വ ഭേദഗതി സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പിണറായിയുടെ ഭാഗത്ത് നിന്നുണ്ടായത്.