ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു. അരുണ്‍ ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു അംഗീകരിച്ച് വിജ്ഞാപനം ഇറക്കി.
നിലവില്‍ മൂന്ന് അംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് പേര്‍ മാത്രമുണ്ടായിരിക്കെയാണ് അരുണ്‍ ഗോയലും രാജിവെക്കുന്നത്. രാജിയുടെ കാരണം വ്യക്തമല്ല. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ച ഒഴിവില്‍ ആരെയും കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നില്ല.
അരുണ്‍ ഗോയല്‍ രാജിവെച്ചതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമായി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. പഞ്ചാബ് കേഡര്‍ ഐ.എ.എസ് ഓഫിസറായ അരുണ്‍ ഗോയല്‍ 2022ലാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതലയേറ്റെടുത്തത്.
അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹര്‍ജി നല്‍കിയിരുന്നു. കേന്ദ്രഘനവ്യവസായ സെക്രട്ടറിയായിരുന്ന അരുണ്‍ ഗോയല്‍ 2022 നവംബര്‍ 18-നാണ് വി.ആര്‍.എസ് എടുത്തത്. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു.