തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുക്കുന്ന തീറ്റ സല്കാരത്തിന്റെ ചെലവ് കുത്തനെ കൂടി. ബജറ്റില്‍ നീക്കിവെച്ച തുകയും കടന്നാണ് ചെലവ് കുതിക്കുന്നത്. മന്ത്രിസഭയുടെ അടുപ്പക്കാര്‍ക്കും പൗരപ്രമുഖര്‍ക്കും ഏറ്റവും കൂടുതല്‍ സല്കാരം ഒരുക്കിയ മന്ത്രിസഭയെന്ന റെക്കോർഡിലേക്ക് കുതിക്കുകയാണ് രണ്ടാം പിണറായി സർക്കാർ.
2024 മാര്‍ച്ച് ആറാം തീയതി 21.13 ലക്ഷം രൂപയാണ് തീറ്റച്ചെലവിന് അധിക ഫണ്ടായി കെ.എന്‍. ബാലഗോപാല്‍ അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.
45 ലക്ഷം രൂപ ഭക്ഷണ സല്‍ക്കാരത്തിനായി ബജറ്റ് വിഹിതം ഉണ്ടായിരുന്നു. ഇത് തീര്‍ന്നതോടെയാണ് അധിക ഫണ്ട് ആവശ്യപ്പെട്ടത്. കഴിച്ച ഭക്ഷണത്തിന്റെ ബില്‍ സാമ്പത്തിക പ്രതിസന്ധിമൂലം കൊടുത്തിരുന്നില്ല.
ഭക്ഷണ ബില്‍ ലക്ഷങ്ങളായി ഉയര്‍ന്നതോടെയാണ് ബാലഗോപാല്‍ അധിക ഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയേറ്റില്‍ എത്തുന്നത് തന്നെ ആഴ്ചയില്‍ രണ്ടോ, മൂന്നോ ദിവസമാണ്.
ഭക്ഷണ സല്‍ക്കാരത്തിന്റെ ചെലവ് അധിക ഫണ്ട് അനുവദിച്ചതോടെ 66.13 ലക്ഷമായി ഉയര്‍ന്നു. 2022-23 ല്‍ 44,32,671 രൂപയാണ് ഭക്ഷണ സല്‍ക്കാരത്തിന് ചെലവായത്. 2023- 24 ല്‍ ആയപ്പോള്‍ ഭക്ഷണസല്‍ക്കാരത്തിന്റെ വര്‍ധനവ് 50 ശതമാനമായി ഉയര്‍ന്നു.
ശമ്പളം അല്ലാതെ ഒരു ബില്ല് പോലും ട്രഷറിയില്‍ നിന്ന് മാറുന്നില്ല. ധാരാളം ജീവനക്കാര്‍ ശമ്പളം ഇനിയും ലഭിക്കാനുണ്ട്. അതിനിടയില്‍ മുഖ്യമന്ത്രിയുമായും മന്ത്രിമാരുടേയും തീറ്റ സല്‍ക്കാരത്തിന് വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ചത്.