പത്മജയെ ബിജെപിയിലെത്തിച്ചത് സുരേഷ് ഗോപി; കരുണാകരന്റെ മകള്‍ക്ക് ബിജെപിയുടെ ഓഫര്‍ രാജ്യസഭാ സീറ്റ്‌

തൃശൂർ: പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നിൽ സുരേഷ് ഗോപി.

തൃശൂർ ലോക്സഭയിൽ മൽസരിക്കാനിറങ്ങുന്ന സുരേഷ് ഗോപിക്ക് പത്മജയുടെ ബി.ജെ.പിയിലേക്കുള്ള വരവ് മുതൽകൂട്ടാകും. കെ. കരുണാകരൻ്റെ സ്മരണകൾ ഇരമ്പുന്ന മണ്ണാണ് തൃശൂർ.

കരുണാകര ഭക്തർ ഏറെയുള്ള സ്ഥലം. നിയമസഭ തെരഞ്ഞെടുപ്പിൽ തൻ്റെ നേരിയ തോൽവിക്ക് കാരണം പ്രതാപനാണെന്ന് പത്മജ രഹസ്യമായും പരസ്യമായും വ്യക്തമാക്കിയിട്ടുണ്ട്. പ്രതാപൻ്റെ തോൽവിയാണ് പത്മജയുടെ ലക്ഷ്യം. ഇന്ന് പത്മജ ബി.ജെ.പി അംഗത്വം എടുക്കുന്നതോടെ പ്രതാപൻ്റെ തോല്‍വിയും സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയവുമാണ് പത്മജ കണക്കുകൂട്ടുന്നത്. പകരം കിട്ടേണ്ടത് രാജ്യസഭയിലേക്ക് എം.പി സീറ്റാണ് കരുണാകരന്റെ മകള്‍ പ്രതീക്ഷിക്കുന്നത്.

പത്മജയുടെ ബി.ജെ.പി പ്രവേശനത്തോടെ തൃശൂരിലെ പോരാട്ടം കോൺഗ്രസും ബി.ജെ.പിയും തമ്മിലായി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി. ലീഡർ കെ. കരുണാകരൻ്റെ അടുപ്പക്കാരനായിരുന്നു സുരേഷ് ഗോപി. കൊല്ലത്ത് സുരേഷ് ഗോപിയെ മൽസരിപ്പിക്കാൻ ലീഡർ ആഗ്രഹിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതാക്കൾ എതിർത്തതോടെ അതിന് കഴിയാതെ വന്നു.

എന്നാലും മരണം വരെ കെ. കരുണാകരനുമായി സുരേഷ് ഗോപി ആത്മബന്ധം പുലർത്തിയിരുന്നു. തൃശൂരിൽ പത്മജ മൽസരിക്കാനിറങ്ങിയപ്പോൾ സുരേഷ് ഗോപി മനസില്ലാ മനസോടെയായിരുന്നു എതിരാളിയായി എത്തിയത്.

പ്രതാപൻ്റെ കാല് വാരലും സുരേഷ് ഗോപി പിടിച്ച വോട്ടും പത്മജയുടെ നേരിയ തോൽവിക്ക് കാരണമായി.പാർട്ടി വിടുന്നതു സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നൽകിയിട്ടില്ലെന്നും ഇന്നലെ രാവിലെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ വന്നപ്പോൾ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ കൂടിയായ കെ.മുരളീധരൻ എംപി പറഞ്ഞു.

ഇന്നലെ മുതൽ പത്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ പോയാൽ കോൺഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും മുരളീധരൻ പ്രതികരിച്ചു. വർഗീയ ശക്തികളോട് സന്ധിയില്ലാതെ അവസാന ശ്വാസം വരെ പോരാടിയ കെ.കരുണാകരൻ്റെ മകൾ ബി.ജെ.പിയിലേക്ക് പോകുന്നതിൻ്റെ ഞെട്ടലിലാണ് കോൺഗ്രസ് അണികൾ. നിരവധി അവസരങ്ങൾ കോൺഗ്രസ് പത്മജക്ക് നൽകിയിരുന്നു.

എം.പി, എം എൽ. എ സീറ്റുകളിൽ മൽസരിക്കാൻ അവസരം നൽകിയെങ്കിലും ഭാഗ്യം പത്മജയെ തുണച്ചില്ല. തൃശൂർ ഡി.സി.സി പ്രസിഡണ്ട് സ്ഥാനവും പത്മജക്ക് ലഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച കെ.പി. സി. സി രാഷ്ട്രീയ കാര്യ സമിതിയിലും പത്മജ അംഗമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments