തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സർക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നൽകാനാണ് പദ്ധതി. കെ റൈസ് എന്നെഴുതിയ തുണിസഞ്ചി തയ്യാറാക്കാൻ ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ സിഎംഡി നിർദേശം നൽകിയിട്ടുണ്ട്.
ഭക്ഷ്യമന്ത്രി ജിആർ അനിലാണ് ഇന്ന് കെ റൈസ് പ്രഖ്യാപിക്കുക.റേഷൻകാർഡുടമകൾക്ക് മാസം തോറും അഞ്ച് കിലോ വീതം കെ റൈസ് നൽകാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന. ജയ, കുറുവ, മട്ട അരി ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. ഏത് അരി ഇനം വേണമെന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ജയ അരി 29 രൂപയ്ക്കും കുറുവ, മട്ട അരി ഇനങ്ങൾ 30രൂപയ്ക്കും സപ്ലൈകോ സ്റ്റോറുകൾ വഴി ലഭ്യമാക്കും. ഭാരത് അരി 29 രൂപയ്ക്കാണ് വിൽക്കുന്നത്. അതിനോട് ചേർന്ന് നിൽക്കുന്ന വില നിശ്ചയിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ നിർദേശം. നാളത്തെ മന്ത്രിസഭാ യോഗത്തിൽ വിലയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.