നവകേരള സദസ്സിന്റെ പ്രചാരണത്തിന് ചെലവാക്കിയ കോടികളുടെ കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിയുടെ ഫോട്ടോവെച്ച് പോസ്റ്ററും ക്ഷണകത്തും ബ്രോഷറും അടിച്ചത് 9.16 കോടിക്ക്. സി ആപ്റ്റിനായിരുന്നു ചുമതല.
പൗരപ്രമുഖരെ നവകേരള സദസിലേക്ക് ക്ഷണിക്കുന്നതിന് ക്ഷണകത്ത്, പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ ബ്രോഷര്‍, പോസ്റ്റര്‍ എന്നിവ അച്ചടിക്കാന്‍ പി.ആര്.ഡി, സി ആപ്റ്റിനെയാണ് ചുമതലപ്പെടുത്തിയത്.
സര്‍ക്കാര്‍ അനുമതി വാങ്ങാതെ ആയിരുന്നു പി.ആര്.ഡി ഡയറക്ടര്‍ ഇത് ചെയ്തത്. പി.ആര്.ഡി ഡയറക്ടറുടെ നടപടി സാധൂകരണം ചെയ്യാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയതോടെ സി ആപ്റ്റിന് 9.16 കോടി ഉടന്‍ ലഭിക്കും.
ഖജനാവില്‍ പണമില്ലെങ്കിലും സി ആപ്റ്റിന് തുക അടിയന്തിരമായി നല്‍കണമെന്ന് മുഖ്യമന്ത്രി ബാലഗോപാലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ ക്ഷണകത്ത് അയച്ചത് 1,01,46,810 പേര്‍ക്ക്.
ക്ഷണകത്തിന് മാത്രം ചെലവായത് 1,85,58,516 രൂപ. മുഖ്യമന്ത്രിയുടെ വലുതും ചെറുതുമായ 25.40 ലക്ഷം പോസ്റ്റര്‍ അടിച്ചു. 2.75 കോടിയാണ് പോസ്റ്ററിന്റെ ചെലവ്. 97,96,810 ബ്രോഷര്‍ അടിച്ചു. ചെലവായത് 4.55 കോടി. 1.05 കോടിയുടെ ബസിലായിരുന്നു നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചത്.
ബസ് ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. നവകേരള സദസിനായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് കോടികള്‍ ആണെന്ന് ഓരോ ദിവസവും പുറത്തിറങ്ങുന്ന ഉത്തരവുകളില്‍ നിന്ന് വ്യക്തം.
എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍ എന്ന ശ്രീനിവാസന് കഥാപാത്രം പറയുന്ന പോലെ പിണറായിയുടെ തലയും ഫുള്‍ഫിഗറും അടിച്ചപ്പോള്‍ ഖജനാവില്‍ നിന്ന് ചെലവായത് 9.16 കോടി. ശമ്പളം മുടങ്ങിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. അത്രമേല്‍ ധൂര്‍ത്താണ് മുഖ്യമന്ത്രിക്കായി നടത്തുന്നത്.