തിരുവനന്തപുരത്ത് 50കാരൻ പെട്രോളൊഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു; പ്രതി പൊള്ളലേറ്റ് ചികിത്സയിൽ

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് 50കാരൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു. ചെങ്കോട്ടുകോണം സൗമസൗധത്തിൽ ജി സരിത (46) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സരിതയെ പ്രതിയും പരിചയക്കാരനുമായ പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു (50) വീട്ടിലെത്തി തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചെങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് ബിനു എത്തിയത്. വാക്കുതർക്കത്തിനിടെ ബിനു കൈയിൽ കരുതിയിരുന്ന പെട്രോൾ സരിതയുടെ ദേഹത്ത് ഒഴിച്ചശേഷം കത്തിക്കുകയായിരുന്നു. കന്നാസിൽ 5 ലീറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. സരിതയെ തീ കൊളുത്തിയപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. തുടർന്ന് ബിനു വീടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു.

കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ബിനുവിന്റെ സ്കൂട്ടറിൽനിന്നു വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.

സരിതയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ബിനു എത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് പറയുന്നു. പെട്രോൾ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു.

സ്കൂട്ടർ നിർത്തി കൈയിൽ കന്നാസുമായി എത്തിയ ബിനു വാക്കുതർക്കത്തിനുശേഷം പെട്രോൾ സരിതയുടെ ദേഹത്തൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. സരിത തടയുന്നതിനിടയിലാണു ബിനുവിന്റെ ദേഹത്തും പെട്രോൾ വീണു തീപിടിച്ചത്.

തീയണയ്ക്കാൻ ഇയാൾ തറയിൽ കിടന്നുരുണ്ടു. പിന്നാലെ കിണറ്റിലേക്ക് എടുത്തുചാടി. ഈ സമയം സരിതയുടെ ബിരുദ വിദ്യാർത്ഥിയായ മകൾ വീട്ടിലുണ്ടായിരുന്നു. മകളുടെ നിലവിളി കേട്ടാണ് സമീപവാസികളെത്തി സരിതയെ ആശുപത്രിയിലാക്കിയത്. ബിനുവിന്റെ മക്കൾ പഠിക്കുന്ന സ്കൂളിലെ ആയയെന്ന നിലയിൽ വർഷങ്ങളായി പരിചയമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments