തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പാസായെങ്കിലും പണം ലഭിക്കാത്ത അവസ്ഥ. ട്രഷറി സേവിങ്‌സ് ബാങ്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണു ജീവനക്കാരുടെ ശമ്പളം കൈമാറുന്നത്. ശമ്പളം ട്രഷറി അക്കൗണ്ടിലേക്കാണ് ആദ്യം എത്തുന്നത്. അവിടെനിന്നാണു ബാങ്കിലേക്ക് പോകുന്നത്. ശമ്പളം പാസായതായി കാണിക്കുന്നുണ്ടെങ്കിലും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷന്‍ തുകയും വിതരണം ചെയ്യാനാകാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെയും ധനകാര്യ മിസ് മാനേജ്‌മെന്റിന്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഇര്‍ഷാദ് എം.എസ് അഭിപ്രായപ്പെട്ടു.
ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ജീവനക്കാരില്‍ മിക്കവാറും പേര്‍ക്ക് ശമ്പളം ലഭിച്ചില്ല. ശമ്പളവും പെന്‍ഷനും അക്കൗണ്ടില്‍ കാണാം, പക്ഷെ കയ്യില്‍ കിട്ടില്ലെന്ന വിചിത്രമായ അവസ്ഥയാണ് കേരളത്തില്‍ – സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
സെക്രട്ടേറിയറ്റില്‍ ബഹുഭൂരിപക്ഷം ജീവനക്കാര്‍ക്കും ശമ്പളം മാര്‍ച്ച് ഒന്നാം തീയതി ഏറെ വൈകിയിട്ടും ലഭ്യമായിട്ടില്ല. ഇ – ടി.എസ്.ബിയില്‍ നിന്നും ബാങ്ക് അക്കൗണ്ട് വഴിയും ശമ്പളവും പെന്‍ഷനും വിതരണം നടന്നിട്ടില്ല. ടി.എസ്.ബി അക്കൗണ്ടുള്ള ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മാത്രമാണ് ശമ്പളവും പെന്‍ഷനും ലഭിച്ചത്. ഇവരുടെ എണ്ണം പരിമിതമാണ്.
സര്‍ക്കാര്‍ സര്‍വീസിനെ കെ.എസ്.ആര്‍.ടി.സിയുടെ ഗണത്തില്‍പെടുത്തി ശമ്പളവും പെന്‍ഷനും യഥാസമയം നല്‍കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ധൂര്‍ത്തിനും ആഡംബരത്തിനും നിര്‍ലോഭം പണം ചെലവഴിക്കുന്ന സര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും നല്‍കാതെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ശ്വാസം മുട്ടിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഇര്‍ഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ് പ്രദീപ്കുമാര്‍, ജനറല്‍ സെക്രട്ടറി തിബീന്‍ നീലാംബരന്‍, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കുമാരി അജിത പി, ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്‍ എം എസ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഷിബു ജോസഫ്, ജനറല്‍ സെക്രട്ടറി വി.എ. ബിനു എന്നിവര്‍ അഭിപ്രായപ്പെട്ടു