Sports

റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍; 30,000 സൗദി റിയാല്‍ പിഴ | Cristiano Ronaldo Suspension

റിയാദ്: സൗദി പ്രൊ ലീഗില്‍ കളിക്കുന്ന അല്‍ നസര്‍ താരവും വെറ്ററന്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സസ്പെന്‍ഷന്‍. ഒരു കളിയില്‍ നിന്നാണ് സൂപ്പര്‍താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 30,000 സൗദി റിയാലിന്റെ പിഴയും ക്രിസ്റ്റ്യാനോയ്ക്ക് ചുമത്തിയിട്ടുണ്ട്. (The Disciplinary and Ethics Committee of the Saudi Football Federation (SAFF) has suspended Cristiano Ronaldo for one match)

നടപടിയിന്‍മേല്‍ അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച അല്‍ നസര്‍- അല്‍ ഷബാബ് മത്സരത്തില്‍ ‘മെസി…മെസി’ എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അശ്ലീല ആംഗ്യം.

മത്സരം കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങും മുമ്പായിരുന്നു ഇത്. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ മോശം ആംഗ്യം മൈതാനത്തെ ടെലിവിഷന്‍ ക്യാമറകളില്‍ കാണിച്ചില്ലെങ്കിലും ഗ്യാലറിയിലെ ചില ആരാധകര്‍ പകര്‍ത്തിയ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായതോടെ സംഭവത്തില്‍ റൊണാള്‍ഡോക്കെതിരെ നടപടി ഉറപ്പായിരുന്നു.

സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മോശം പെരുമാറ്റത്തില്‍ വിവാദത്തിലാവുന്നത് ഇതാദ്യമല്ല. 2023 ഏപ്രിലില്‍ അല്‍ ഹിലാലിനെതിരായ മത്സരത്തിന് ശേഷം ഡഗൗട്ടിലേക്ക് മടങ്ങവേ ക്രിസ്റ്റ്യാനോ കാട്ടിയ ആംഗ്യവും വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

സൗദി പ്രോ ലീഗില്‍ നിലവില്‍ രണ്ടാംസ്ഥാനക്കാരായ അല്‍ നസ്റിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിലക്ക് തിരിച്ചടിയാവും. ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തില്‍ അല്‍ നസ്ര്‍, അല്‍ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. പെനാല്‍റ്റി ഗോളാക്കി റൊണാള്‍ഡോ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തിരുന്നു. ടലിസ്‌കയാണ് നസ്റിന്റെ മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *