ഡൽഹി : ജമ്മുകശ്മീർ മുതല്‍ പഞ്ചാബ് വരെ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടി.ഒഴിവായത് വൻ ദുരന്തം. കത്വാ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. ജമ്മു കശ്‌മീരിലെ കത്വ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഒരു ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ പത്താൻകോട്ടിലേക്ക് ഓടിയതെങ്ങനെ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ അതിവേഗം സഞ്ചരിച്ചത്. റെയിൽവേ ഉദ്യോഗസ്ഥരുടെ ഏറെ ശ്രമങ്ങൾക്ക് ശേഷം ആളില്ലാ ട്രെയിൻ പഞ്ചാബിലെ മുകേരിയനിലെ ഉച്ചി ബസിക്ക് സമീപം നിർത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു ഡിവിഷണൽ ട്രാഫിക് മാനേജർ വാർത്താ ഏജൻസിയായ എഎൻഐയെ അറിയിച്ചു.
കത്വ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പത്താൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ, മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിച്ചതായാണ് സൂചന.
“കത്വ സ്‌റ്റേഷനിൽ നിർത്തിയിരുന്ന ഒരു ചരക്ക് ട്രെയിൻ ചരിവ് കാരണം ഡ്രൈവറില്ലാതെ പെട്ടെന്ന് ഓടാൻ തുടങ്ങി. മുകേരിയൻ പഞ്ചാബിലെ ഉച്ചി ബസ്സിക്ക് സമീപം ട്രെയിൻ നിർത്തി. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്” ജമ്മുവിലെ ഡിവിഷണൽ ട്രാഫിക് മാനേജറെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്‌തു.
അതേസമയം, ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഒരു റെയിൽവേ സ്‌റ്റേഷനിലൂടെ ട്രെയിൻ അതിവേഗം പോകുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതൊരു ചെറിയ പിഴവല്ലെന്നും, നൂറ് കണക്കിന് പേരുടെ ജീവൻ അപകടത്തിൽ ആക്കിയേക്കാവുന്ന അപകടം ആയിരുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്.