
ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 14 ന് . 2019 ൽ മാർച്ച് 10 നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രത്യേക സംഘങ്ങൾ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുകയാണ്.
മാർച്ച് 13 ഓടു കൂടി ഇവരുടെ സന്ദർശനം അവസാനിക്കും. അതിനു ശേഷമായിരിക്കും പ്രഖ്യാപനം. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയ സംഘം ജമ്മു കാശ്മീരിലേക്കും ഉത്തർ പ്രദേശിലേക്കും ഉടൻ തിരിക്കും. ഇത്തവണ 97 കോടി ആളുകൾക്ക് വോട്ടവകാശം ഉണ്ട്. 2019 ൽ 91.2 കോടിയായിരുന്നു വോട്ടവകാശം ഉള്ളവരുടെ എണ്ണം.
ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളായാണ് 2019 ൽ തെരഞ്ഞെടുപ്പ് നടത്തിയത്. സമാന രീതിയിലായിരിക്കും ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 23 നായിരുന്നു വോട്ട് എണ്ണലും ഫലപ്രഖ്യാപനവും. 543 ലോകസഭ സീറ്റിലേക്കും കടുത്ത മൽസരമാണ് പ്രതീക്ഷിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഇന്ത്യാ മുന്നണിയും നരേന്ദ്ര മോദിയുടെ എൻ.ഡി. എ യും തമ്മിൽ പൊരിഞ്ഞ പോരാട്ടമായിരിക്കും ഇത്തവണ ഉണ്ടാകുക.
വിലകയറ്റം, തൊഴിലില്ലായ്മ, ജനങ്ങളെ ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കാത്തത് ഇതൊക്കെയാണ് മോദി നേരിടുന്ന വെല്ലുവിളി. ഇന്ത്യാ മുന്നണിയിലെ അഭിപ്രായവ്യത്യാസം ആണ് രാഹുലിൻ്റെ മുന്നിലെ വെല്ലുവിളി. മോദിയുടെ ഹാട്രിക് തടയാൻ രാഹുലിന് സാധിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേരളത്തിൽ ബി.ജെ.പി നിലം തൊടില്ലെന്ന സർവേ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഒ രാജഗോപാലിൻ്റെ 2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് കേരളത്തിലെ ബി.ജെ.പിയുടെ ഏക നേട്ടം. ആന്ധ്ര പ്രദേശ് , അരുണാചൽ പ്രദേശ് , ഒറീസ, സിക്കിം എന്നി നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ലോകസഭ തെരഞ്ഞെടുപ്പിനോടോപ്പം ഉണ്ടാകും.