‘ബൈജു രവീന്ദ്രൻ അൺഫിറ്റ്, ബോർഡിൽ നിന്ന് നീക്കണം’; നിക്ഷേപകർ കോടതിയിൽ

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസിൽ കാര്യങ്ങൾ വീണ്ടും കുഴയുകയാണ്. ബൈജൂസിന്റെ തലപ്പത്ത് തുടരാൻ സ്ഥപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ അർഹനല്ലെന്നും ഡയറക്ടർ ബോർഡിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കമ്പനിയുടെ നിക്ഷേപകർ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തു.

ഡച്ച് നിക്ഷേപക സ്ഥാപനമായ പ്രോസസ് ഉൾപ്പെടെ നാല് ഓഹരിയുടമകളാണ് ബൈജു രവീന്ദ്രനെ പുറത്താക്കണമെന്നാവശ്യവുമായി എൻ.സി.എൽ.ടിയെ സമീപിച്ചിരിക്കുന്നത്. കർണാടക ഹൈക്കോടതിയിൽ നിന്ന് ബൈജുവിന് അനുകൂല വിധി ഉണ്ടായതിനു പുറകെയാണ് പുതിയ നീക്കം. കമ്പനിയിൽ ഫോറെൻസിക് ഓഡിറ്റ് നടത്തണം, പുതിയ ബോർഡിനെ നിയമിക്കണം, അടുത്തിടെ നടന്ന അവകാശ ഓഹരി വിൽപ്പന റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങളും ഓഹരിയുടമകൾ ഉന്നയിച്ചിട്ടുണ്ട്.

ബൈജൂസിന്റെ ബോർഡിൽ നിന്ന് ബൈജു രവീന്ദ്രനെയും മറ്റ് രണ്ട് ബോർഡംഗങ്ങളായ ദിവ്യ ഗോകുൽനാഥ്, റിജു രവീന്ദ്രൻ എന്നിവരെയും പുറത്താക്കണമെന്നാവശ്യവുമായി ചില നിക്ഷേപകർ ഇന്ന് അസാധാരണ പൊതുയോഗം (EGM) വിളിച്ചിരുന്നു. എന്നാൽ ഇത് നിയമപരമല്ലെന്നും നിക്ഷേപകർക്ക് അതിന് അധികാരമില്ലെന്നും വ്യക്തമാക്കിയ ബൈജൂസിന്റെ പ്രമോട്ടർമാർ എ.ജി.എമ്മിൽ നിന്ന് വിട്ടു നിൽക്കുകയാണ്. രാവിലെ 9 മണിക്ക് ഓൺലൈൻ മീറ്റിംഗ് ആരംഭിച്ചപ്പോൾ ബൈജൂസിന്റെ ജീവനക്കാർ തടസപ്പെടുത്തിയായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ ബൈജൂസ് വിദേശ നാണയ വിനിമയ ചട്ടം (FEMA) ലംഘിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ബൈജു രവീന്ദ്രനെതിരെ പുതിയ ലുക്ക് ഔട്ട് സർക്കുലർ (LOC/തെരച്ചിൽ നോട്ടീസ്) ഇറക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് നിർദേശിച്ചതായും വാർത്തകളുണ്ട്. ഒന്നര വർഷം മുമ്പ് കൊച്ചിയിലെ ഇ.ഡി. ഓഫീസിന്റെ നിർദേശ പ്രകാരം ബൈജുവിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നതിനെ പുറമെയാണിത്‌.
അതേ സമയം ബൈജു രവീന്ദ്രൻ ദുബൈയിലാണുള്ളതെന്നും വൈകാതെ അദ്ദേഹം സിംഗപ്പൂരിലേക്ക് തിരിക്കുമെന്നുമാണ് അറിയുന്നത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ ഇനി രാജ്യം വിടാൻ പ്രയാസമായേക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments