റാഞ്ചി : മാനനഷ്ടക്കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. വിചാരണക്കോടതിയിൽ തനിക്കെതിരായ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജ്ജിയാണ് ജാർഖണ്ഡ് ഹൈക്കോടതി തള്ളി.
2018ൽ അന്നത്തെ ബിജെപി പ്രസിഡന്റ് ആയിരുന്ന അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസ് റദ്ധാക്കണമെന്ന ആവശ്യമാണ് ജാർഖണ്ഡ് ഹൈ കോടതി തള്ളിയത്.
ബിജെപി നേതാവ് നവീൻ ഝായാണ് അമിത് ഷായ്ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശം നടത്തിയതിനെ തുടർന്ന് ജാർഖണ്ഡ് ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഇതേ പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് സുൽത്താൻ പൂർ കോടതി രാഹുൽ ഗാന്ധിയെ അല്പസമയത്തേക്ക് കസ്റ്റഡിയിൽ എടുത്തതും പിന്നീട് ജാമ്യത്തിൽ വിട്ടതും.
2018 ലെ ചൈബാസയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗവുമായി ബന്ധപ്പെട്ടതാണ് വിഷയം. ഞങ്ങൾ നേരായ മാർഗ്ഗത്തിൽ നടക്കുന്ന ആൾക്കാർ ആണെന്നും എന്നാൽ കൊലപാതകികൾ ആണ് ബി ജെ പി പ്രസിഡന്റ് ആയി ഇരിക്കുന്നത് എന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്.
യാതൊരു വിധ വസ്തുതകളുടെ പിൻബലവും ഇല്ലാതെ പൊതു സമ്മേളനങ്ങളിൽ തോന്നിയത് പോലെ സംസാരിക്കുക എന്നത് ശൈലിയാക്കിയ വ്യക്തിയാണ് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി സമുദായഅംഗങ്ങളെ കുറിച്ച് അദ്ദേഹം നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് നേരത്തെ ഗുജറാത്ത് ഹൈ കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു.