News

വിഴിഞ്ഞം വഴി സർക്കാർ ഖജനാവിലേക്ക് കോടികളുടെ നേട്ടം: ജി.എസ്.ടിയില്‍ ലഭിച്ചത് 75 കോടി: 9 മാസം, 10 ലക്ഷം കണ്ടെയ്‌നർ

തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രവ്യാപാര ഭൂപടത്തിൽ ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പ്രവർത്തനം ആരംഭിച്ച് വെറും ഒൻപത് മാസത്തിനുള്ളിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്ന ദക്ഷിണേഷ്യയിലെ ആദ്യ തുറമുഖം എന്ന സുവർണ്ണ നേട്ടമാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. ഈ റെക്കോർഡ് മുന്നേറ്റത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഖജനാവിലേക്ക് ജിഎസ്ടി ഇനത്തിൽ എത്തിയത് 75 കോടിയിലധികം രൂപയാണ്.

ജൂലൈ 31 വരെ 419 കപ്പലുകളിലായി 9,08,040 കണ്ടെയ്‌നറുകളാണ് തുറമുഖം കൈകാര്യം ചെയ്തത്. ഇതിലൂടെ യൂസർ ഫീ ഇനത്തിൽ അദാനി ഗ്രൂപ്പിന് 384 കോടി രൂപ ലഭിച്ചു. ഓഗസ്റ്റ് മാസത്തിൽ മാത്രം 40 കപ്പലുകളിലായി ഒരു ലക്ഷത്തിലധികം കണ്ടെയ്‌നറുകൾ എത്തിയതോടെ തുറമുഖ വരുമാനം 40 കോടി കൂടി വർധിച്ചു. ഇതോടെയാണ് സർക്കാരിന് ലഭിക്കുന്ന ജിഎസ്ടി വിഹിതം 75 കോടി കടക്കുമെന്ന് ഉറപ്പായത്. നിലവിൽ തുറമുഖത്തുനിന്നുള്ള നികുതി വരുമാനം മാത്രമാണ് സർക്കാരിന് ലഭിക്കുന്നത്. കരാർ പ്രകാരം 2036 മുതലാണ് വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിച്ചു തുടങ്ങുക.

പ്രവർത്തന മികവുകൊണ്ട് ലോകത്തെ പ്രമുഖ തുറമുഖങ്ങളെപ്പോലും വിഴിഞ്ഞം അതിശയിപ്പിച്ചു. സെമി ഓട്ടോമാറ്റിക് ക്രെയിനുകളുടെ കാര്യക്ഷമത കണ്ടെയ്‌നറുകൾ അതിവേഗം കൈകാര്യം ചെയ്യാൻ സഹായിച്ചു. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (MSC) ജേഡ്, ആഫ്രിക്കൻ സർവീസുകൾ വിഴിഞ്ഞം വഴിയാക്കിയതും MSC-യുടെ ഗ്ലോബൽ ഷിപ്പിങ് റൂട്ടിൽ തുറമുഖത്തെ ഉൾപ്പെടുത്തിയതും ചരക്കുനീക്കത്തിന് വൻ കുതിപ്പേകി.

വിഴിഞ്ഞത്തിന്റെ ഈ മുന്നേറ്റം അന്താരാഷ്ട്ര മാരിടൈം ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്. “വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ട്രാൻസ്ഷിപ്‌മെന്റ് രംഗത്തെ ഞെട്ടിച്ചു,” എന്നാണ് കോമൺവെൽത്ത് രാജ്യങ്ങളിലെ ബിസിനസ് വാർത്തകൾ കൈകാര്യം ചെയ്യുന്ന പ്രമുഖ യൂറോപ്യൻ യൂണിയൻ പോർട്ടൽ റിപ്പോർട്ട് ചെയ്തത്. കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്തേക്ക് എത്തിയതോടെ ദക്ഷിണേഷ്യയുടെ കപ്പൽ വാണിജ്യത്തിന്റെ ഗതിതന്നെ മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻപ് ഒരു ഇന്ത്യൻ തുറമുഖത്തും എത്തിയിട്ടില്ലാത്ത 400 മീറ്റർ നീളമുള്ള അൾട്രാ ലാർജ് വെസലുകൾ ഇവിടെ നങ്കൂരമിട്ടതും വിഴിഞ്ഞത്തിന്റെ ചരിത്രനേട്ടമാണ്.

നിലവിൽ കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് ചരക്ക് മാറ്റുന്ന ട്രാൻസ്ഷിപ്‌മെന്റ് പ്രവർത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. റോഡ്, റെയിൽ കണക്ടിവിറ്റി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ രാജ്യത്തെ വ്യവസായ ലോകത്തെ ബന്ധിപ്പിക്കുന്ന നിർണായക ഏകജാലക സംവിധാനമായി വിഴിഞ്ഞം മാറുമെന്നാണ് വിലയിരുത്തൽ.