NewsTravel

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ഇനി 16 കോച്ചുകളിലേക്ക്; ഓണസമ്മാനമായി പുതിയ മാറ്റം | 20632 Thiruvananthapuram Central – Mangaluru Central Vande Bharat Express

തിരുവനന്തപുരം: യാത്രക്കാർക്ക് ആശ്വാസ വാർത്ത. തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. നിലവിൽ 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിൽ ഉടൻ തന്നെ 16 കോച്ചുകൾ ഉണ്ടാകും. ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഈ ട്രെയിനിലെ തിരക്ക് പരിഗണിച്ചാണ് റെയിൽവേ ബോർഡിന്റെ പുതിയ തീരുമാനം.

രാജ്യത്തെ ഏറ്റവും തിരക്കേറിയ ഏഴ് വന്ദേ ഭാരത് റൂട്ടുകളിൽ കോച്ചുകൾ വർധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം-മംഗളൂരു ട്രെയിനിലും മാറ്റം വരുന്നത്. നേരത്തെ, കേരളത്തിലെ ആദ്യ വന്ദേ ഭാരത് ആയ തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ കോച്ചുകളുടെ എണ്ണം 16 ആക്കി ഉയർത്തിയിരുന്നു.

ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ മംഗളൂരു വന്ദേ ഭാരതിന് പുറമെ ചെന്നൈ-തിരുനെൽവേലി, ചെന്നൈ-വിജയവാഡ വന്ദേ ഭാരത് ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം കൂട്ടും. ചെന്നൈ-തിരുനെൽവേലി റൂട്ടിൽ 20 കോച്ചുകളും ചെന്നൈ-വിജയവാഡ റൂട്ടിൽ 16 കോച്ചുകളുമായിരിക്കും പുതിയതായി ഉൾപ്പെടുത്തുക.

ഓണസമ്മാനമായി ഈ മാറ്റം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണ റെയിൽവേ. ഒഴിവ് വരുന്ന റേക്ക് ഉപയോഗിച്ച് പുതിയ വന്ദേ ഭാരത് സർവീസുകൾ ആരംഭിക്കാനും റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളം-ബെംഗളൂരു, ചെന്നൈ-രാമേശ്വരം, കോയമ്പത്തൂർ-തിരുവനന്തപുരം, കണ്ണൂർ-ബെംഗളൂരു തുടങ്ങിയ റൂട്ടുകളിലും പുതിയ വന്ദേ ഭാരത് സർവീസുകൾ വേണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുന്നുണ്ട്.