KochiNews

കളമശ്ശേരിയിൽ ഗ്ലാസ് ഷീറ്റുകൾ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരിയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. അസം സ്വദേശിയായ അനിൽ പട്‌നായക് (34) ആണ് മരിച്ചത്. ചെന്നൈയിൽ നിന്ന് ലോറിയിൽ എത്തിച്ച ഗ്ലാസ് ഷീറ്റുകൾ ഇറക്കുന്നതിനിടെ ദേഹത്തേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ കളമശ്ശേരി പൂജാരി വളവിന് സമീപമുള്ള ഒരു ഗ്ലാസ് ഫാക്ടറിയിലായിരുന്നു സംഭവം.

ഏഴംഗ സംഘം ലോഡ് ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇറക്കാനായി തയ്യാറാക്കി നിർത്തിയിരുന്ന ഗ്ലാസ് ഷീറ്റുകളുടെ അവസാനത്തെ കെട്ട് പൊട്ടിക്കുന്നതിനിടെ, 18 കൂറ്റൻ ഗ്ലാസ് ഷീറ്റുകൾ അടങ്ങിയ കെട്ട് ഒന്നാകെ അനിലിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ലോറിയുടെ കൈവരിക്കും ഭാരമേറിയ ഗ്ലാസ് ഷീറ്റുകൾക്കും ഇടയിൽപ്പെട്ട് അനിൽ ഞെരിഞ്ഞമർന്നു.

ഉടൻതന്നെ സഹപ്രവർത്തകർ ഗ്ലാസുകൾ എടുത്തുമാറ്റി അനിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഭാരം കാരണം ശ്രമം വിഫലമായി. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന യൂണിറ്റ്, ഗ്ലാസ് ഷീറ്റുകൾ പൊട്ടിച്ചാണ് അനിലിനെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടൻതന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ഒരു വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അനിൽ പട്‌നായക്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.