News

മൈക്രോസോഫ്റ്റ് ക്യാമ്പസിൽ ഇന്ത്യൻ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

അമേരിക്കയിലെ സിലിക്കൺ വാലിയിലുള്ള മൈക്രോസോഫ്റ്റ് കാമ്പസിൽ 35 വയസ്സുള്ള ഇന്ത്യൻ വംശജനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതീക് പാണ്ഡേ എന്നയാളെയാണ് മൗണ്ടൻ വ്യൂവിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 19-ന് രാത്രി ഓഫീസിലെത്തിയ പ്രതീക് പാണ്ഡേയെ അടുത്ത ദിവസം പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

​മൈക്രോസോഫ്റ്റിൽ 2020 മുതൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. സാധാരണയായി രാത്രി വൈകിയും ജോലി ചെയ്യുന്ന ശീലമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പോലീസ്, സ്ഥലത്ത് സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനാൽ ക്രിമിനൽ കേസ് എടുത്തിട്ടില്ല. എങ്കിലും, മരണകാരണം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സാന്താ ക്ലാര കൗണ്ടി മെഡിക്കൽ എക്‌സാമിനർ അറിയിച്ചു.

​മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരണത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാമൂഹ്യ മാധ്യമങ്ങളിൽ ദുഃഖം രേഖപ്പെടുത്തി.

​സാൻ ഹോസെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രതീക് പാണ്ഡേ മൈക്രോസോഫ്റ്റിന് മുൻപ് വാൾമാർട്ട്, ആപ്പിൾ തുടങ്ങിയ പ്രമുഖ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. പാണ്ഡേയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ കുടുംബം ആരംഭിച്ചതായും വിവരമുണ്ട്.