
മുന്നൂറോളം പോസ്റ്റ് ഓഫീസുകൾക്ക് പൂട്ടുവീഴുന്നു; തൃശ്ശൂരിൽ മാത്രം 23 എണ്ണം, തീരുമാനം സെപ്റ്റംബർ 1 മുതൽ
തൃശൂർ: കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങളെത്തുടർന്ന് കേരളത്തിൽ മുന്നൂറോളം ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ പൂട്ടുന്നു. തൃശ്ശൂർ ജില്ലയിൽ മാത്രം 23 ഓഫീസുകളാണ് പ്രവർത്തനം നിർത്തുന്നത്. സെപ്റ്റംബർ ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഇതോടെ ഗ്രാമങ്ങളിലടക്കം പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന തപാൽ സേവന കേന്ദ്രങ്ങളാണ് ഇല്ലാതാകുന്നത്.
ആധുനികവൽക്കരണത്തിന്റെയും സ്പീഡ് പോസ്റ്റുമായുള്ള സംയോജനത്തിന്റെയും ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ദൂരപരിധിയും വരുമാനവുമാണ് പ്രധാന മാനദണ്ഡങ്ങളായിരിക്കുന്നത്. നഗരങ്ങളിൽ രണ്ട് കിലോമീറ്ററിനും ഗ്രാമങ്ങളിൽ മൂന്ന് കിലോമീറ്ററിനും ഇടയിൽ ഒരു പോസ്റ്റ് ഓഫീസ് മതിയെന്ന കേന്ദ്ര നിർദേശമാണ് സംസ്ഥാനത്ത് വ്യാപകമായി ഓഫീസുകൾ പൂട്ടാൻ കാരണമാകുന്നത്. കൂടാതെ, വരവും ചെലവും തമ്മിലുള്ള അനുപാതം 20 ശതമാനത്തിൽ താഴെയുള്ള ഓഫീസുകളും നിർത്തലാക്കും.
വീടിനടുത്തുള്ള സേവനം നഷ്ടമാകുന്നതോടെ കത്തുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി സാധാരണക്കാർക്ക് കിലോമീറ്ററുകൾ സഞ്ചരിച്ച് ഹെഡ് പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കേണ്ടി വരും. ഡിജിറ്റൽ സംവിധാനങ്ങൾ സജീവമാണെങ്കിലും പെൻഷൻ വിതരണം, നിക്ഷേപങ്ങൾ തുടങ്ങിയവയ്ക്ക് സാധാരണക്കാർ ഇപ്പോഴും വലിയ തോതിൽ ആശ്രയിക്കുന്നത് ഇത്തരം ബ്രാഞ്ച് ഓഫീസുകളെയാണ്.
നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ രജിസ്ട്രേഡ് തപാൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് 25 ശതമാനത്തിലേറെ ചെലവേറുമെന്നും റിപ്പോർട്ടുകളുണ്ട്. തൃശ്ശൂർ, ഇരിങ്ങാലക്കുട ഡിവിഷനുകളിലായി 23 ഓഫീസുകളാണ് പൂട്ടുന്നത്. ഇതിൽ തൃശ്ശൂർ ഡിവിഷനിലെ കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ 10 ഓഫീസുകൾ പൂട്ടാൻ ഉത്തരവിറങ്ങിക്കഴിഞ്ഞു.
രാജ്യത്തെ മൊത്തം തപാൽ ഇടപാടുകളുടെ 48 ശതമാനവും നടക്കുന്ന കേരളത്തിൽ ഇത്രയധികം ഓഫീസുകൾ പൂട്ടുന്നത് വിപരീതഫലം ചെയ്യുമെന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞവർഷം മാത്രം 679.99 കോടി രൂപയുടെ ഇടപാടുകളാണ് കേരളത്തിലെ 5,062 പോസ്റ്റ് ഓഫീസുകൾ വഴി നടന്നത്.