Kerala Government NewsNews

പങ്കാളിത്ത പെൻഷൻ: കേന്ദ്രത്തിന് കത്തയച്ചെന്ന വാദം തെറ്റ്, സർക്കാരിന്റെ വാദം പൊളിച്ചടുക്കി വിവരാവകാശ രേഖ

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ അവകാശവാദം തെറ്റെന്ന് വിവരാവകാശ രേഖ. നിശ്ചിത പെൻഷൻ തുക ഉറപ്പാക്കുന്ന ‘അഷ്വേർഡ് പെൻഷൻ’ പദ്ധതി നടപ്പാക്കുമെന്നാണ് 2024-ലെ ബജറ്റ് പ്രസംഗങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനങ്ങളിൽ നടപടിയെടുക്കാത്തതിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ, കേന്ദ്രത്തിനു കത്തയച്ചെന്നും മറുപടി ലഭിച്ചിട്ടില്ലെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം.

​എന്നാൽ, ധനകാര്യവകുപ്പിനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ, ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനോ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്കോ കത്തയച്ചിട്ടില്ലെന്നായിരുന്നു മറുപടി. കത്തയക്കാതെ കേന്ദ്രം എങ്ങനെ മറുപടി തരുമെന്ന ചോദ്യത്തിന് ഇനി ഉത്തരം പറയേണ്ടത് സർക്കാരാണ്.

​2016-ലെ എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നത്. എന്നാൽ കഴിഞ്ഞ ഒമ്പത് വർഷമായി ഇത് ആവർത്തിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് സർക്കാർ ഇപ്പോൾ സമ്മതിക്കുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പദ്ധതി പിൻവലിക്കാനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് ജീവനക്കാരുടെ വലിയ പ്രതിഷേധത്തിന് ശേഷം സർക്കാർ പുറത്തുവിട്ടു. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട ഫയലിൽ സർക്കാർ യാതൊരു തീരുമാനവും എടുത്തിട്ടില്ല.

​ചോദ്യവും ധനവകുപ്പിൻ്റെ ഉത്തരവും

  • ​പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ച ശേഷം തുടർനടപടിക്കായി ചുമതലപ്പെടുത്തിയ മന്ത്രിതല, ഉദ്യോഗസ്ഥതല സമിതികൾ യോഗം ചേർന്നിരുന്നോ?
    • ​ചേർന്നിരുന്നു. എന്നാൽ, ആ യോഗത്തിന്റെ മിനിറ്റ്സ് രേഖപ്പെടുത്തിയിട്ടില്ല. ധനമന്ത്രി, നിയമമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരാണു സമിതിയിലുള്ളത്.
  • ​പദ്ധതി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനോ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്കോ കത്ത് അയച്ചിട്ടുണ്ടോ?
    • ​അയച്ചിട്ടില്ല.

​പങ്കാളിത്ത പെൻഷൻ പദ്ധതി

​സർക്കാർ ഖജനാവിൽനിന്ന് പെൻഷൻ നൽകുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നിർത്തിവെച്ചാണ് 2013 ഏപ്രിലിൽ സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. ശമ്പളത്തിന്റെ 10% വീതം ജീവനക്കാരും സർക്കാരും പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിച്ച് അതിൽനിന്ന് പെൻഷൻ നൽകുന്ന രീതിയാണിത്.