
‘നവകേരള സദസി’ലെ ധൂർത്ത് പോരാഞ്ഞിട്ട് ‘വികസന സദസ്’; തദ്ദേശ സ്ഥാപനങ്ങളുടെ പണം പിരിച്ച് 50 കോടി മുടക്കി പ്രചാരണത്തിന് സർക്കാർ
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ‘നവകേരള സദസ്’ പോലുള്ള പരിപാടികൾക്ക് ചെലവഴിച്ച കോടികളുടെ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പ്, പുതിയ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വീണ്ടും ധൂർത്ത് തുടരാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. നവംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വഴിയൊരുക്കുന്ന ‘വികസന സദസ്’ എന്ന പരിപാടിക്ക് 50 കോടി രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോർട്ടുകൾ.
സാമ്പത്തികമായി ഏറെ പിന്നോട്ട് പോയ സർക്കാരിന്റെ ധൂർത്തിന്റെ ഉദാഹരണങ്ങളാണ് ‘കേരളീയം’ പോലുള്ള പരിപാടികൾ. ഖജനാവിൽ നിന്ന് പണം മുടക്കിയും, സ്പോൺസർമാർ വഴി പണം കണ്ടെത്തിയും നടത്തുന്ന ഇത്തരം പരിപാടികളിൽ സർക്കാരിന് പണം മുടക്കുന്ന സ്പോൺസർമാർക്ക് പകരം നൽകുന്ന ‘കരുണയും ദയയും’ നികുതി ഇനത്തിൽ ഖജനാവിലേക്ക് എത്തേണ്ട തുക കുറയ്ക്കുന്നുവെന്ന ആരോപണം ശക്തമാണ്. സ്പോൺസർമാർ ആരെല്ലാമാണെന്ന നിയമസഭാ, വിവരാവകാശ ചോദ്യങ്ങൾക്കും സർക്കാർ കൃത്യമായ മറുപടി നൽകിയിട്ടില്ല.
നവകേരള സദസിനായി രണ്ട് കോടി രൂപ മുടക്കി നിർമ്മിച്ച ബസ് ഉപയോഗിച്ച് മുഖ്യമന്ത്രിയും സംഘവും കേരളം മുഴുവൻ സഞ്ചരിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നൽകിയത്. എന്നിട്ടും ഈ പാഠത്തിൽ നിന്ന് പഠിക്കാൻ സർക്കാർ തയ്യാറല്ലെന്നാണ് പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
പുതിയ ‘വികസന സദസ്’ പരിപാടിക്കായി പഞ്ചായത്തുകൾ 2 ലക്ഷം, മുനിസിപ്പാലിറ്റികൾ 4 ലക്ഷം, കോർപ്പറേഷനുകൾ 6 ലക്ഷം എന്നിങ്ങനെ തുക ചെലവഴിക്കേണ്ടിവരും. ഇതിനു പുറമെ സ്പോൺസർമാരെ ഉപയോഗിച്ച് പണം പിരിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഈ ചെലവുകളെല്ലാം ചേർത്ത് വികസന സദസിന് 50 കോടി രൂപയോളം ചെലവ് വരുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴിയില്ലാത്ത സർക്കാർ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനങ്ങളുടെ പണവും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും ധൂർത്തടിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.