
പങ്കാളിത്ത പെൻഷൻ: സർക്കാർ വാഗ്ദാനം പാഴായി; കള്ളം പൊളിഞ്ഞ് എൻജിഒ യൂണിയൻ വെട്ടിൽ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി (Contributory Pension Scheme) പിൻവലിക്കുമെന്ന ഒമ്പത് വർഷം പഴക്കമുള്ള വാഗ്ദാനം പാലിക്കാത്തതിലും, കേന്ദ്രാനുമതി തേടി കത്തയച്ചെന്ന വാദം തെറ്റാണെന്ന് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നതിലും ജീവനക്കാർക്കിടയിൽ വ്യാപക അമർഷം. ഇതോടെ, സർക്കാരിനെ ന്യായീകരിച്ച് രംഗത്തിറങ്ങിയിരുന്ന ഭരണാനുകൂല സർവീസ് സംഘടനകൾ കടുത്ത പ്രതിരോധത്തിലായി.
രണ്ട് തവണ അധികാരത്തിലെത്താൻ എൽഡിഎഫ് ഉപയോഗിച്ച പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നത്. എന്നാൽ, ഭരണകാലാവധി തീരാൻ മാസങ്ങൾ മാത്രം ശേഷിക്കെ, പദ്ധതി പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടില്ലെന്ന് ധനവകുപ്പ് തന്നെ വിവരാവകാശ നിയമപ്രകാരം സമ്മതിച്ചതോടെയാണ് സർക്കാർ വാദം പൊളിഞ്ഞത്. ജീവനക്കാരുടെ കണ്ണിൽപ്പൊടിയിടാനായി 2024-ലെ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച ‘അഷ്വേർഡ് പെൻഷൻ’ പദ്ധതി നടപ്പാക്കാൻ കേന്ദ്രാനുമതി തേടിയെന്ന വാദവും ഇതോടെ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു.
ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ, സർക്കാരിനെ പിന്തുണച്ചിരുന്ന എൻജിഒ യൂണിയൻ പോലുള്ള സംഘടനകൾക്ക് അണികളുടെ രോഷം നേരിടേണ്ടി വന്നിരിക്കുകയാണ്. യൂണിയന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നേതാക്കൾക്കും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളും പ്രതിഷേധവുമാണ് ഉയരുന്നത്. ജീവനക്കാരെ ഒന്നടങ്കം വഞ്ചിച്ച സർക്കാരിനെ എന്ത് ന്യായം പറഞ്ഞ് പ്രതിരോധിക്കുമെന്നറിയാതെ കുഴങ്ങുകയാണ് നേതാക്കൾ.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2014 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ പ്രവേശിച്ചവർക്കാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. സർക്കാരിന്റെ ഭീമമായ പെൻഷൻ ബാധ്യത കുറയ്ക്കുകയായിരുന്നു ലക്ഷ്യം. അന്ന് ഇതിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ എൽഡിഎഫ് ശക്തമായി പിന്തുണച്ചിരുന്നു. എന്നാൽ, അധികാരത്തിലെത്തിയപ്പോൾ വാഗ്ദാനം നടപ്പാക്കാതെ ജീവനക്കാരുടെ കണ്ണിൽ പൊടിയിടാൻ പഠന സമിതിയെ നിയമിച്ച് കാലം കഴിക്കുകയായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അഞ്ചര ലക്ഷത്തിലധികം വരുന്ന ജീവനക്കാരും അവരുടെ കുടുംബങ്ങളും സർക്കാരിനെതിരെ തിരിയുമോയെന്ന ആശങ്കയും ഭരണമുന്നണിക്കുണ്ട്.