News

4700 കാട്ടുപന്നികളെ കൊന്നു: സർക്കാർ നടപടിയിൽ മരണനിരക്ക് കുറയുന്നു!

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മനുഷ്യ-മൃഗ സംഘർഷത്തില്‍ ജനവാസ മേഖലകളിലിറങ്ങിയ 4,700-ഓളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നതായി വനംവകുപ്പിന്റെ റിപ്പോർട്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക അധികാരം നൽകിയ സർക്കാർ നടപടിയാണ് പന്നികളെ കൊല്ലുന്നത് വർധിക്കാനും, അതുവഴി കാട്ടുപന്നി ആക്രമണങ്ങളെത്തുടർന്നുള്ള മനുഷ്യ മരണങ്ങൾ കുറയ്ക്കാനും സഹായിച്ചത്.

കൃഷിയിടങ്ങൾ നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ ലൈസൻസുള്ള ഷൂട്ടർമാരെ ഉപയോഗിച്ച് കൊല്ലാനാണ് സർക്കാർ 2022 മെയ് മുതൽ അനുമതി നൽകിയത്. മനുഷ്യ-മൃഗ സംഘർഷം 2024-ൽ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെയാണ് ഈ നടപടികൾ കൂടുതൽ വേഗത്തിലായത്. പുതിയ നിയമപ്രകാരം പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർപേഴ്‌സൺമാർ, കോർപ്പറേഷൻ മേയർമാർ എന്നിവർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകി. ഇതോടെ, മനുഷ്യ ജീവനോ സ്വത്തിനോ ഭീഷണിയാകുന്ന കാട്ടുപന്നികളെ ഉടനടി ഉന്മൂലനം ചെയ്യാൻ ഉത്തരവിടാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അധികാരം ലഭിച്ചു.

സർക്കാർ നടപടികൾ ഫലം കണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാട്ടുപന്നികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. 2011-12 മുതൽ ഇതുവരെ 70 പേരാണ് സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2023-24, 2024-25 വർഷങ്ങളിൽ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്ത് ഇത് ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. എന്നാൽ, ഈ സാമ്പത്തിക വർഷം (2025-26) ഇതുവരെ മൂന്ന് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പ്രകാരം പാമ്പുകടിയും (187 മരണം), കാട്ടാനയുടെ ആക്രമണവും (113 മരണം) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് കാട്ടുപന്നികളുടെ ആക്രമണത്തിലാണ്.

‘മിഷൻ വൈൽഡ് പിഗ്’ വരുന്നു; നഷ്ടപരിഹാരം വർധിപ്പിക്കാൻ ആവശ്യം

പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരം കാണുന്നതിനായി ‘മിഷൻ വൈൽഡ് പിഗ്’ എന്ന പേരിൽ ഒരു പുതിയ പദ്ധതിക്ക് വനം വകുപ്പ് രൂപം നൽകുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലെ മാലിന്യ സംസ്കരണത്തിലെ അപാകതകളും കാടുപിടിച്ച പറമ്പുകളുമാണ് പന്നികളെ ആകർഷിക്കുന്നതെന്നും, വനത്തിന് പുറത്ത് പെറ്റുപെരുകുന്നവയുടെ കണക്കെടുക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

അതേസമയം, കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തണമെന്നും, പരിക്കേൽക്കുന്നവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കണമെന്നും കർഷക പ്രതിനിധികൾ ആവശ്യപ്പെട്ടു.