NewsPolitics

റിയാസിനെ മുഖ്യമന്ത്രിയാക്കണം! സതീശനെ ലക്ഷ്യമിട്ട് സി പി എം ; കരുക്കൾ നീക്കി പിണറായി

തിരുവനന്തപുരം: ലൈംഗീക അപവാദത്തിൽ പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം എന്നതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ലക്ഷ്യമിട്ട് സിപിഎം. ലൈംഗീക ആരോപണം ഉയർന്നതിനെ തുടർന്ന് രാഹുലിനെതിരെ ശക്തമായ നടപടി എടുക്കാൻ മുന്നിട്ടിറങ്ങിയത് വി.ഡി. സതീശനാണ്. കൃത്യമായ നിലപാട് ആയിരുന്നു സതീശന്റേത്. രമേശ് ചെന്നിത്തലയും കെ. മുരളീധരനും സതീശനോടൊപ്പം കട്ടക്ക് നിന്നു. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ ആദ്യം നീക്കി. അടുത്ത ഘട്ടത്തിൽ പാർട്ടിയിൽ നിന്നും സസ്പെൻഡും ചെയ്തു. സിപിഎം പോലും ഞെട്ടിയ നടപടിയായിരുന്നു അത്.

എം. മുകേഷ്, കെ.ബി. ഗണേഷ് കുമാർ, എ.കെ. ശശീന്ദ്രൻ, ടി.എം. തോമസ് ഐസക്ക്, പി. ശ്രീരാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ലൈംഗീക ആരോപണങ്ങൾ നേരിട്ടവർ എൽ.ഡി.എഫിൽ ഇപ്പോഴും ഞെളിഞ്ഞ് ഇരിക്കുമ്പോഴാണ് രാഹുലിന്റെ കാര്യത്തിൽ കൃത്യമായ നിലപാട് യു.ഡി.എഫും കോൺഗ്രസും സ്വികരിച്ചത്. തങ്ങളുടെ കൂട്ടത്തിലുള്ള വർക്കെതിരെ ഒരു നടപടിയും എടുക്കാത്ത സി.പി.എമ്മും ബി.ജെ.പിയും കൃത്യമായ നിലപാട് എടുത്ത സതീശനേയും സംഘത്തിനും നേരെ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ പിന്നിൽ, വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള അഭ്യാസം മാത്രമാണ്.

സി പി എമ്മിന്റെ പാൻ കേരള മുഖമുള്ള കെ.കെ. ശൈലജടീച്ചറെ വടകരയിൽ റെക്കോർഡ് ഭൂരിപക്ഷത്തില്‍ ഷാഫി മലർത്തിയടിച്ചതിന്റെ ഞെട്ടലിൽ നിന്ന് സിപിഎം ഇപ്പോഴും മുക്തരായിട്ടില്ല. രാഹുലിനെ ചാരി വടകരയിൽ ഷാഫിക്കെതിരെ ഇന്നലെ നടന്ന പ്രതിഷേധത്തിന്റെ കാരണവും മറ്റൊന്നല്ല.

തുടർ ഭരണം കിട്ടി ചരിത്രം രചിച്ച പിണറായിക്ക് മുന്നിൽ തകർന്നടിഞ്ഞ കോൺഗ്രസിന് ആത്മവിശ്വാസം നൽകുക എന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചുമതല ഏറ്റെടുത്ത വി.ഡി സതീശന്റെ ആദ്യ ലക്ഷ്യം. ഗ്രൂപ്പുകളെ നിശ്ചിത അകലത്തിൽ നിറുത്തി ഇരുപക്ഷത്തേയും ജനകീയ മുഖങ്ങളെ കോർത്തിണക്കി മുന്നോട്ട് പോകുന്ന നയമാണ് സതീശൻ സ്വീകരിച്ചത്. 2021 ന് ശേഷം നടന്ന 26 തെരഞ്ഞെടുപ്പുകളിൽ (ലോക്സഭ , നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ ) പിണറായിക്ക് ജയിക്കാൻ ആയത് വെറും 2 എണ്ണത്തിൽ മാത്രമാണ്. കന്റോണ്‍‌മെന്റ് ഹൗസ് കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ശൈലിയല്ല വി.ഡി. സതീശൻ സ്വീകരിച്ചത്. ടീം സ്പിരിറ്റിന്റെ പ്രാധാന്യം മനസിലാക്കി കൃത്യമായ സ്ട്രാറ്റജിയിലൂടെയാണ് സതീശൻ പിണറായിയേയും സംഘത്തേയും വീഴ്ത്തിയത്.

ഭരണപരാജയത്താൽ തകർന്ന് തരിപ്പണമായി നിൽക്കുമ്പോഴാണ് പിണറായിക്ക് മാങ്കൂട്ടം വക ലോട്ടറി ലഭിച്ചത്. അതിനെ രാഷ്ട്രീയമായി പരമാവധി ഉപയോഗിച്ച് ഭരണ പരാജയം മറയ്ക്കാനാണ് പിണറായിയുടെ ശ്രമം. സതീശനെ വീഴ്ത്തിയില്ലെങ്കിൽ തുടർഭരണം എന്ന സ്വപ്നം ഇല്ലാതാകും എന്ന് സി പി എമ്മിന് നന്നായി അറിയാം.

80 കഴിഞ്ഞ പിണറായി മരുമകൻ റിയാസിനെ മുഖ്യമന്ത്രിയാക്കണമെന്നുള്ള അതിമോഹത്തിലാണ്. തൻ്റെ കാലം കഴിഞ്ഞാൽ റിയാസിൻ്റെ കഥ തന്റെ പാർട്ടിയിൽ ഉള്ളവർ തന്നെ തീർക്കും എന്ന് പിണറായിക്ക് നന്നായറിയാം. ഭരണം പോയാൽ പല കേസുകളിലും അന്വേഷണം ഉണ്ടാകുമെന്നും വിശ്വസ്തർ പലർക്കും ജയിലിൽ പോകേണ്ടിയും വരും. No Compromise ന്റെ ആളാണ് സതീശൻ. അത് തന്നെയാണ് പിണറായിയെ പേടിപ്പിക്കുന്നതും.