
Malayalam Media LIve
രാഷ്ട്രീയ പാർട്ടികളുടെ കെട്ടിടത്തിന് 1% ഫീസ്: ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തു; ഫീസ് നിരക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: പട്ടയം ലഭിച്ച ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം ക്രമപ്പെടുത്താൻ പുതിയ ചട്ടഭേദഗതി നിലവിൽ വന്നു. ഇനിമുതൽ ഇത്തരം ഭൂമി മുൻകൂർ അനുമതിയോടെ വകമാറ്റി ഉപയോഗിക്കുന്നതിനും അനുമതി ലഭിക്കും. നിയമം ലംഘിച്ച് കൈമാറിയ പട്ടയഭൂമിയും ന്യായവിലയുടെ നിശ്ചിതശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്തി നൽകാനും പുതിയ ചട്ടങ്ങളിലുണ്ട്.
പുതിയ ചട്ടപ്രകാരം, സാംസ്കാരിക, വിനോദ, ജീവകാരുണ്യ, സാമൂഹിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്കും സഹകരണ സംഘങ്ങളുടെ കെട്ടിടങ്ങൾക്കും ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനം ഫീസ് ഈടാക്കി ക്രമവത്കരിക്കാൻ കഴിയും. കാർഷികാവശ്യങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള കെട്ടിടങ്ങൾക്ക് ഫീസ് ഇല്ല.
വിവിധ ആവശ്യങ്ങൾക്കുള്ള ഫീസ് നിരക്കുകൾ:
- വാണിജ്യ-വ്യാവസായിക നിർമ്മാണങ്ങൾ: 3000-5000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് ഭൂമിയുടെ ന്യായവിലയുടെ 5 ശതമാനം ഫീസ്.
- ആശുപത്രികൾ, വലിയ വ്യാവസായിക ആവശ്യങ്ങൾ: 5000-10,000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് ന്യായവിലയുടെ 10 ശതമാനം.
- വാണിജ്യ-വ്യാവസായിക ആവശ്യങ്ങൾ (കെട്ടിടമില്ലാതെ): വിനോദസഞ്ചാരം, വാണിജ്യം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് ന്യായവിലയുടെ 10 ശതമാനം.
- വാണിജ്യ-വ്യാവസായിക ആവശ്യങ്ങൾ: 10,000-25,000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് ന്യായവിലയുടെ 20 ശതമാനം.
- വലിയ വാണിജ്യ-വ്യാവസായിക ആവശ്യങ്ങൾ: 25,000-50,000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് ന്യായവിലയുടെ 40 ശതമാനം.
- വളരെ വലിയ വ്യാവസായിക ആവശ്യങ്ങൾ: 50,000 ചതുരശ്ര അടിയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കും ക്വാറികൾക്കും ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനം.