Kerala Government NewsNews

വരുമാനത്തിന്റെ 95% ശമ്പളത്തിനും പെൻഷനും; ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാദം ശുദ്ധനുണയെന്ന് ബജറ്റ് രേഖകൾ

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സാമ്പത്തിക ഭരണത്തിന്റെ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, അദ്ദേഹം നിരന്തരം ആവർത്തിക്കുന്ന കണക്കുകളിലെ അബദ്ധങ്ങൾ വീണ്ടും ചർച്ചയാകുന്നു. സംസ്ഥാനത്തിൻ്റെ റവന്യൂ വരുമാനത്തിന്റെ 95 ശതമാനവും ശമ്പളത്തിനും പെൻഷനും വേണ്ടിവരുന്നുവെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റാണെന്ന് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു.

2025-26 വർഷത്തേക്ക് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് രേഖകൾ പരിശോധിക്കുമ്പോൾ തന്നെ ബാലഗോപാൽ ഉന്നയിച്ച വാദത്തിലെ വസ്തുതാപരമായ പിഴവ് കണ്ടെത്താനാകും. കേന്ദ്ര നികുതിയും കേന്ദ്ര ധനസഹായവും ഒഴിവാക്കി സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം 1,10,660.27 കോടി രൂപയാണെന്ന് ബജറ്റിൽ പറയുന്നു. ഇതാണ് സംസ്ഥാനത്തിന്റെ യഥാർത്ഥ വരുമാനം.

ബജറ്റ് കണക്കുകൾ അനുസരിച്ച്, 2025-26 സാമ്പത്തിക വർഷത്തിൽ ശമ്പളത്തിന് വേണ്ടി വരുന്ന ചെലവ് 44,114.35 കോടി രൂപയാണ്. അതുപോലെ, പെൻഷൻ ഇനത്തിൽ 29,459.83 കോടി രൂപയും ചെലവഴിക്കേണ്ടിവരും. ഇത് രണ്ടും കൂട്ടിയാൽ ആകെ ചെലവ് 73,574.18 കോടി രൂപയാണ്.

ധനമന്ത്രിയുടെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 95 ശതമാനം ശമ്പളത്തിനും പെൻഷനും പോകുന്നുണ്ടെങ്കിൽ, അത് ഏകദേശം 1,05,127 കോടി രൂപയായിരിക്കും. എന്നാൽ, യഥാർത്ഥ കണക്കുകൾ ഇത് 73,574.18 കോടി രൂപയാണെന്ന് തെളിയിക്കുന്നു. അതായത്, സംസ്ഥാനത്തിൻ്റെ സ്വന്തം നികുതി വരുമാനത്തിന്റെ 66.49 ശതമാനം മാത്രമാണ് ശമ്പളത്തിനും പെൻഷനും വേണ്ടി ചെലവഴിക്കുന്നത്. 95 ശതമാനമെന്ന ധനമന്ത്രിയുടെ വാദം തികച്ചും അടിസ്ഥാനരഹിതമാണ്.

അധികാരത്തിലേറി അഞ്ചാം വർഷത്തിലേക്ക് കടന്നിട്ടും, സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ധനമന്ത്രി പൊതുവേദികളിൽ സംസാരിക്കുന്നതെന്ന ആക്ഷേപം ഇതോടെ വീണ്ടും ശക്തമാവുകയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് സംസാരിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ കാര്യങ്ങൾ അവതരിപ്പിക്കാവൂ എന്നും അല്ലാത്തപക്ഷം ഇത്തരം ‘വങ്കത്തരങ്ങൾ’ ആവർത്തിക്കേണ്ടി വരുമെന്നും വിമർശനമുയരുന്നുണ്ട്.