NewsThiruvananthapuram

തിരുവനന്തപുരം വിമാനത്താവളം: 8707 കോടിയുടെ വികസനം, ഒപ്പം സ്ഥലമേറ്റെടുപ്പിൽ ആശങ്കയും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പ് നടപ്പാക്കുന്ന 8707 കോടി രൂപയുടെ വികസന പദ്ധതിയായ ‘പ്രൊജക്റ്റ് അനന്ത’യുടെ പാരിസ്ഥിതികാനുമതിക്കായുള്ള പബ്ലിക് ഹിയറിംഗിൽ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും നിറഞ്ഞു. ഹിയറിംഗ് പാരിസ്ഥിതിക വിഷയങ്ങൾക്കായിരുന്നുവെങ്കിലും, സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ഭീതിയാണ് പങ്കെടുത്ത ജനപ്രതിനിധികളും നാട്ടുകാരും പ്രധാനമായും ഉന്നയിച്ചത്.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ഹിയറിംഗിൽ, വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്ന ബൃഹദ് പദ്ധതിയുടെ വിശദാംശങ്ങൾ അധികൃതർ അവതരിപ്പിച്ചു. പുതിയ ടെർമിനൽ വരുന്നതോടെ വിമാനത്താവളത്തിന്റെ യാത്രക്കാരുടെ ശേഷി പ്രതിവർഷം 32 ലക്ഷത്തിൽ നിന്ന് 2.70 കോടിയായി ഉയരും. നിർമ്മാണ സമയത്ത് 1000 പേർക്കും പദ്ധതി പൂർണ്ണമായി സജ്ജമാകുമ്പോൾ 18,300 പേർക്കും തൊഴിൽ ലഭിക്കുമെന്നും മാസ്റ്റർ പ്ലാനിൽ പറയുന്നു.

മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള നിർമ്മാണങ്ങൾക്ക് സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നും നിലവിലെ ഭൂമി ഉപയോഗിച്ചാണ് വികസനം നടപ്പാക്കുകയെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, റൺവേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കണമെന്ന ഡിജിസിഎ നിർദ്ദേശമാണ് ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനം.

റൺവേയുടെ ഇരുവശത്തും 150 മീറ്റർ വീതി ഉറപ്പാക്കുന്നതിനായി ചാക്ക, മുട്ടത്തറ-പൊന്നറ ഭാഗങ്ങളിൽ ഭൂമി ആവശ്യമാണ്. ഇതിൽ ചാക്ക ഭാഗത്ത് സർക്കാർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്, ഇതിന്റെ സർവേ പൂർത്തിയായി. എന്നാൽ വിമാനം ലാൻഡ് ചെയ്യുന്ന പൊന്നറ ഭാഗത്ത് നാലര ഏക്കറോളം സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഈ ഭൂമിയുടെ സർവേ നടപടികൾ ഇതുവരെ ആരംഭിക്കാത്തതും വ്യക്തതയില്ലാത്തതുമാണ് പ്രതിഷേധത്തിന് കാരണം.

സ്ഥലമേറ്റെടുപ്പ് ആശങ്കയ്ക്ക് പുറമെ, പാർവതീപുത്തനാറിലെ മാലിന്യപ്രശ്നം, വിമാനത്താവളത്തിന് ചുറ്റും മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തത് തുടങ്ങിയ വിഷയങ്ങളും നാട്ടുകാർ ഉന്നയിച്ചു. മുൻപ് വാഗ്ദാനം ചെയ്ത തൊഴിലുകള്‍ നൽകിയില്ലെന്നും, പുതിയ പദ്ധതികൾക്ക് അനുമതി നൽകുമ്പോൾ ഇക്കാര്യങ്ങളിൽ സർക്കാർ ഉറപ്പ് നൽകണമെന്നും ഹിയറിംഗിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.