
മോഹൻലാൽ രാജിവെച്ചത് ഹേമ കമ്മീഷൻ റിപ്പോർട്ടിനേക്കാൾ വലിയ ഞെട്ടലെന്ന് ശ്വേതാ മേനോൻ
തിരുവനന്തപുരം: താരസംഘടനയായ ‘എ.എം.എം.എ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നടൻ മോഹൻലാൽ രാജിവെച്ചത് ഹേമ കമ്മീഷൻ റിപ്പോർട്ടിനേക്കാൾ വലിയ ഞെട്ടലാണ് നൽകിയതെന്ന് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നടി ശ്വേതാ മേനോൻ. ഒറ്റപ്പെടലോ, മൂലക്കിടയിലായെന്ന തോന്നലോ ആവാം രാജിക്ക് കാരണം. ഒരു തോൽവി എളുപ്പത്തിൽ അംഗീകരിക്കുന്ന വ്യക്തിയല്ല മോഹൻലാൽ, അതുകൊണ്ടുതന്നെ രാജി അപ്രതീക്ഷിതമാണെന്നും ശ്വേതാ മേനോൻ അഭിപ്രായപ്പെട്ടു.
ആറ് വർഷം മോഹൻലാലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച താൻ ഈ തീരുമാനം അദ്ദേഹത്തിന്റെ സ്വഭാവത്തിന് ചേരുന്നതല്ലെന്ന് വിശ്വസിക്കുന്നു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ശ്വേതാ മേനോൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പുതിയ പ്രസിഡന്റ് എന്ന നിലയിൽ സംഘടനയിലെ വിവാദങ്ങൾ പരിഹരിക്കാനും വിശ്വാസം വീണ്ടെടുക്കാനും ശ്രമിക്കുമെന്നും അവർ പറഞ്ഞു. കൂടാതെ, മെമ്മറി കാർഡ് വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സമിതി രൂപീകരിക്കുമെന്നും ശ്വേതാ മേനോൻ അറിയിച്ചു. അംഗങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും, സംഘടനയിൽ നിന്ന് അകന്നുപോയ കലാകാരന്മാരെ തിരികെ കൊണ്ടുവരുന്നതിനും മുൻഗണന നൽകുമെന്നും അവർ വ്യക്തമാക്കി.