
സാമ്പത്തിക പ്രതിസന്ധിക്കിടയിൽ യുറോപ്പിലും അമേരിക്കയിലേക്കും പറക്കാൻ റിയാസും സംഘവും
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാന സർക്കാർ, ടൂറിസം മേഖലയുടെ പ്രചാരണത്തിനായി ഉന്നത ഉദ്യോഗസ്ഥർക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാൻ അനുമതി നൽകി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. 2025-26 സാമ്പത്തിക വർഷത്തിൽ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 20-ഓളം അന്താരാഷ്ട്ര വ്യാപാര മേളകളിലും ബി2ബി മീറ്റിംഗുകളിലും പങ്കെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 25-ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, ടൂറിസം സെക്രട്ടറി, ടൂറിസം ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നിവരടക്കം നിരവധി ഉദ്യോഗസ്ഥർക്കാണ് യാത്രയ്ക്ക് അനുമതി ലഭിച്ചത്. മന്ത്രിയും യാത്രയിൽ പങ്കെടുക്കും. ഇതിന് വേണ്ടി പ്രത്യേക ഉത്തരവ് ഇറങ്ങും.
ബാങ്കോക്കിലെ PATA ട്രാവൽ മാർട്ട്, പാരീസിലെ IFTM, ലണ്ടനിലെ WTM, മാഡ്രിഡിലെ FITUR, ബെർലിനിലെ ITB, മോസ്കോയിലെ MITT എന്നിവ കൂടാതെ ടോക്കിയോ, ക്വാലാലംപുർ, സൂറിച്ച്, സ്റ്റോക്ക്‌ഹോം, ന്യൂയോർക്ക്, അറ്റ്ലാന്റ, ലോസ് ഏഞ്ചൽസ്, ഹാംബർഗ്, മ്യൂണിക്ക്, റോം, ബാഴ്സലോണ, സെന്റ് പീറ്റേഴ്സ്ബർഗ് തുടങ്ങിയ നഗരങ്ങളിലെ ബി2ബി മീറ്റിംഗുകളിലും ഇവർ പങ്കെടുക്കും. ഈ യാത്രകളുടെ മുഴുവൻ ചെലവും സംസ്ഥാന ഖജനാവിൽ നിന്നാണ് വഹിക്കുന്നത്.
കേരളത്തിൻ്റെ സാംസ്കാരിക, പാരിസ്ഥിതിക, അനുഭവപരമായ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക, അന്താരാഷ്ട്ര ടൂർ ഓപ്പറേറ്റർമാരുമായും ഏജന്റുമാരുമായും ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് യാത്രയുടെ ഔദ്യോഗിക ലക്ഷ്യം. എന്നാൽ, സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ യാത്രകളുടെ ആവശ്യകതയെക്കുറിച്ചും സമയത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. മിക്ക രാജ്യങ്ങളും കേരള ടൂറിസം രംഗത്ത് വളരെക്കാലമായി സാന്നിധ്യമുള്ള വിപണികളാണ്. കൊവിഡിന് ശേഷം ടൂറിസം പ്രോത്സാഹനം കൂടുതലായി ഡിജിറ്റൽ-ഒന്നാം തന്ത്രങ്ങളിലേക്ക് മാറിയതായി പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കൊവിഡിന് മുൻപുള്ളതിൻ്റെ പകുതി മാത്രമാണെന്നതും ശ്രദ്ധേയമാണ്.
കേരളത്തിൻ്റെ ടൂറിസം കണക്കുകൾ ഈ സംശയങ്ങളെ ബലപ്പെടുത്തുന്നു. 2023-ൽ 6,49,057 വിദേശ വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. ഇത് 2022-നെ അപേക്ഷിച്ച് 87.83% വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും, 2019-ലെ 11,89,771 എന്ന റെക്കോർഡ് സന്ദർശകരുടെ എണ്ണത്തിൽ നിന്നും 45.45% കുറവാണ്. 2023-ൽ യു.എസ്.എ (12.67%), യു.കെ (12.31%) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രമാണ് ആകെ വിദേശ സന്ദർശകരുടെ നാലിലൊന്ന്. അതേസമയം സിംഗപ്പൂർ, സ്പെയിൻ പോലുള്ള പുതിയ വിപണികളിൽ നിന്നും കാര്യമായ മുന്നേറ്റം ഉണ്ടായിട്ടും ഇല്ല.