Kerala Government NewsNews

പെൻഷൻകാർക്ക് കനത്ത നഷ്ടം: 156 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക നൽകാതെ സർക്കാർ; ലക്ഷങ്ങള്‍ ആവിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ ആറര ലക്ഷത്തോളം വരുന്ന പെൻഷൻകാർക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെച്ച് സർക്കാർ നടപടി. നാല് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച ക്ഷാമാശ്വാസത്തിന്റെ (Dearness Relief) കുടിശ്ശിക നൽകാത്തതിലൂടെ ഓരോ പെൻഷൻകാരനും കുറഞ്ഞത് 49,220 രൂപ മുതൽ 3,56,952 രൂപ വരെ നഷ്ടം സംഭവിച്ചതായാണ് കണക്കുകൾ. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കാലയളവിലാണ് പ്രഖ്യാപിച്ച ക്ഷാമാശ്വാസത്തിന് കുടിശ്ശിക നിഷേധിക്കുന്നത്.

ലക്ഷങ്ങളുടെ കുടിശ്ശിക നഷ്ടം

2021 ജനുവരി മുതൽ 2022 ജൂലൈ വരെയുള്ള നാല് ഗഡുക്കളിലായാണ് ക്ഷാമാശ്വാസം പ്രഖ്യാപിച്ചത്. എന്നാൽ, ഓരോ തവണയും യഥാക്രമം 39, 40, 39, 38 മാസത്തെ കുടിശ്ശിക നൽകാതെയായിരുന്നു പ്രഖ്യാപനം. ഇതോടെ പെൻഷൻകാർക്ക് അർഹതപ്പെട്ട മൊത്തം 156 മാസത്തെ കുടിശ്ശികയാണ് ഇല്ലാതായത്. ഇത് സംസ്ഥാനത്തെ പെൻഷൻ സമൂഹത്തെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

2021 ജനുവരിയിൽ രണ്ട് ശതമാനം, 2021 ജൂലൈയിൽ മൂന്ന് ശതമാനം, 2022 ജനുവരിയിൽ മൂന്ന് ശതമാനം, 2022 ജൂലൈയിൽ 3 ശതമാനം എന്നിങ്ങനെയാണ് ക്ഷാമാശ്വാസം പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ക്ഷാമാശ്വാസത്തിന് കുടിശിക അനുവദിക്കാത്തത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. 2021 ന് മുമ്പ് പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്കും ക്ഷാമാശ്വാസത്തിനും കുടിശിക അനുവദിക്കുമായിരുന്നു. ജീവനക്കാർക്ക് കുടിശിക അവരുടെ പി.എഫ് അക്കൗണ്ടിലേക്കും പെൻഷൻകാർക്ക് കുടിശിക പണമായും നൽകിയിരുന്നു.

അടിസ്ഥാന പെൻഷൻ അനുസരിച്ച് ഓരോരുത്തർക്കും വന്ന നഷ്ടത്തിന്റെ കണക്ക് താഴെ നൽകുന്നു:

അടിസ്ഥാന പെൻഷൻ156 മാസത്തെ ക്ഷാമാശ്വാസ
കുടിശിക നഷ്ടം ( രൂപയിൽ )
11,50049,220
15,00064,200
20,00085,600
25,0001,07,000
30,0001,28,400
35,0001,49,800
40,0001,71,200
45,0001,92,600
50,0002,14,000
55,0002,35,400
60,0002,56,800
65,0002,78,200
70,0002,99,600
75,0003,21,000
80,0003,42,400
83,4003,56,952

സാധാരണക്കാരായ പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും കുടിശ്ശിക നിഷേധിക്കുമ്പോൾ, ഐഎഎസ്, ഐപിഎസ്, ജുഡീഷ്യൽ ഓഫീസർമാർ തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥർക്ക് കുടിശ്ശിക കൃത്യമായി പണമായി നൽകുന്നുണ്ടെന്നും ആക്ഷേപം ശക്തമാണ്. മുൻകാലങ്ങളിൽ ജീവനക്കാർക്ക് കുടിശ്ശിക പി.എഫ് അക്കൗണ്ടിലും പെൻഷൻകാർക്ക് പണമായിട്ടുമാണ് നൽകിയിരുന്നത്. ഈ രീതിയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർത്തലാക്കിയത്. സംസ്ഥാനത്തെ 27,428 പെൻഷൻകാർ മാത്രമാണ് 50,000 രൂപയ്ക്ക് മുകളിൽ പെൻഷൻ വാങ്ങുന്നത്. ഭൂരിഭാഗം വരുന്ന സാധാരണക്കാരായ പെൻഷൻകാരെയാണ് ഈ നടപടി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.