Kerala Government NewsNews

പെൻഷൻകാർക്ക് ഇനി സ്മാർട്ട് ഐഡി കാർഡ്; സേവനങ്ങൾ വിരൽത്തുമ്പിലെത്തിക്കാൻ ട്രഷറി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാർക്കുള്ള സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി ട്രഷറി വകുപ്പ് ഡിജിറ്റൽ ഐഡി കാർഡ് ഏർപ്പെടുത്തുന്നു. പെൻഷൻ സംബന്ധമായ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള വിവരശേഖരണം ആരംഭിച്ചു.

പെൻഷൻകാരുടെ വിവരങ്ങൾ പുതുക്കുന്നതിനും ഡിജിറ്റൽ ഐഡി കാർഡ് തയ്യാറാക്കുന്നതിനുമായാണ് നിലവിൽ പെൻഷൻ ഡാറ്റാ ഫോം പൂരിപ്പിച്ചു വാങ്ങുന്നത്. നിലവിൽ, പെൻഷൻകാർക്ക് ‘കേരള പെൻഷൻ’ മൊബൈൽ ആപ്പിന്റെ (പതിപ്പ് 2.0) സഹായത്തോടെ ഐഡി കാർഡ് ജനറേറ്റ് ചെയ്യാനും പ്രിന്റ് എടുക്കാനും സൗകര്യമുണ്ട്.

പുതിയ സംവിധാനം വരുന്നതോടെ, കെവൈസി (KYC) നടപടികൾ പൂർത്തിയാക്കിയ പെൻഷൻകാരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും ജീവൻ പ്രമാൺ പോർട്ടലിൽ നിന്ന് നേരിട്ട് സ്വീകരിച്ചായിരിക്കും ഡിജിറ്റൽ ഐഡി കാർഡ് തയ്യാറാക്കുക. ഇത് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കും. പദ്ധതിയുമായി എല്ലാ പെൻഷൻകാരും സഹകരിക്കണമെന്ന് ട്രഷറി വകുപ്പ് അഭ്യർത്ഥിച്ചു.