Kerala Government NewsNews

ഫയലുകൾ വെച്ചുകൊണ്ടിരിക്കരുത്, പുതിയ ആശയങ്ങൾ തരൂ; സെക്രട്ടറിമാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ദൈനംദിന ഭരണകാര്യങ്ങളിൽ ഒതുങ്ങിക്കൂടാതെ, ജനക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വേഗം കൂട്ടുന്ന പുതിയതും പ്രായോഗികവുമായ ആശയങ്ങൾ മുന്നോട്ടുവെക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദേശം. പരാതികളിലും നിർദേശങ്ങളിലും അതിവേഗം നടപടിയെടുക്കാൻ കഴിയുന്ന നൂതന ആശയങ്ങളാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താനായി തിങ്കളാഴ്ച രാവിലെ വിളിച്ചുചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുവപ്പുനാടയിൽ കുരുങ്ങരുത്

ഫയലുകൾ അനാവശ്യമായി താമസിപ്പിക്കുന്ന ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്കിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. വകുപ്പ് സെക്രട്ടറിമാർ തീരുമാനമെടുക്കാതെ ഫയലുകൾ ചീഫ് സെക്രട്ടറിക്കും, അവിടെ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയക്കുന്ന പ്രവണത കാലതാമസമുണ്ടാക്കുന്നുവെന്നും ഇത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക കാര്യങ്ങളിൽ കർശനമായ അച്ചടക്കം പാലിക്കണമെന്നും അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും യോഗത്തിൽ നിർദേശം നൽകി.

ലക്ഷ്യം വിജ്ഞാന സമൂഹവും തൊഴിലവസരങ്ങളും

സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുക, വിജ്ഞാന സമ്പദ്‌വ്യവസ്ഥ രൂപീകരിക്കുക എന്നിവയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ഇതിന്റെ ഭാഗമായി 20 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. 23 പുതിയ ബഹുനില വ്യവസായ എസ്റ്റേറ്റുകൾ സ്ഥാപിച്ച് 25,000 ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെ 2 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കാനുള്ള പദ്ധതി വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തി കേന്ദ്രസർക്കാരിൽ നിന്നുള്ള പദ്ധതികളും സഹായങ്ങളും പരമാവധി നേടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.